തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാർക്ക് ജോലി വേണമെങ്കിൽ സി.പി.എം പട്ടികയിൽ പേര് വരേണ്ട സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. അനർഹമായി അടുപ്പക്കാരെ മാത്രം നിയമിക്കുന്ന പാർട്ടി സ്‌പോൺസേർഡ് നിയമനമേളകൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. പബ്ലിക് സർവീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമെല്ലാം സി.പി.എമ്മിന് താഴെ എന്നതാണ് സാഹചര്യമെന്നും ഈ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയാണ് ഗവർണർ ശബ്ദമുയർത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന ഡി.വൈ.എഫ്‌.ഐ ഇത് കാണുന്നില്ലേ എന്നും മന്ത്രി പരിഹസിച്ചു.

ഭരണസമിതി പിരിച്ചുവിടണം:

കെ.സുരേന്ദ്രൻ

മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. നഗരസഭയിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അത് ഫില്ല് ചെയ്യേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണോ?. സത്യപ്രതിഞ്ജാലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. കേരളത്തിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഗവർണർക്കെതിരെ സി.പി.എം കടന്നാക്രമണം നടത്തുന്നതും ഇത്തരം അഴിമതിയും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്യുന്നത് കൊണ്ടാണ്. ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കിൽ വലിയ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

താൽകാലിക നിയമനങ്ങളുടെ ഹോൾസെയിൽ

ഡീലറായി ജില്ലാ സെക്രട്ടറി മാറി: വി.വി. രാജേഷ്

ജില്ലയിലെ തദ്ദേശ,പൊതുമേഖലാസ്ഥാപനങ്ങളിലെ കരാർ നിയമനങ്ങളുടെ ഹോൾസെയിൽ ഡീലറായി സി.പി.എം ജില്ലാ സെക്രട്ടറി മാറിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി രാജേഷ് പറഞ്ഞു.മേയർ കോർപ്പറേഷനിലെയും പാർലമെന്റെറി പാർട്ടി സെക്രട്ടറി മെഡിക്കൽ കോളേജിലെ താത്കാലിക ഒഴിവുകളിലേക്കും നിയമിക്കാൻ മുൻഗണനാലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചത് തികച്ചും നിയമ ലംഘനവും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം പറഞ്ഞു.

മേയറുടെ ഒളിച്ചുകളി ചോദ്യങ്ങൾക്ക്

മറുപടിയില്ലാത്തതിനാൽ: വി.എസ്.ശിവകുമാർ

മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു. നിയമനം സി.പി.എമ്മിന് വിട്ട മേയറുടെ നടപടി സാധാരണക്കാരായ തൊഴിൽരഹിതരോടുള്ള വഞ്ചനയാണ്. സംസ്ഥാന സർക്കാരിലും കോർപ്പറേഷനുകളിലും സമാനരീതിയിൽ നിയമനം നടത്തുന്നുവെന്നതിനുള്ള തെളിവാണ് മേയറുടെ കത്ത്. ക്രമരഹിതമായ മുഴുവൻ നിയമനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.