
കോവളം: പൊതുമരാമത്ത് കിഫ്ബിക്ക് കൈമാറിയ മുട്ടയ്ക്കാട് ആഴാകുളം റോഡിന് ശനിദശ മാറുന്നില്ല. വെള്ളായണി കായലിനെയും രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ മുട്ടയ്ക്കാട് ആഴാകുളം റോഡ്. ഈ റോഡിന്റെ രണ്ട് കിലോമീറ്ററോളം ദൂരമാണ് തകർന്ന് കിടക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പൊതുമരാമത്ത് വകുപ്പ് കൈവശം വച്ചിരുന്ന റോഡിനെ എം. വിൻസെന്റ് എം.എൽ.എയുടെ ശ്രമഫലമായി വീതി കൂട്ടുന്നതിന് തീരുമാനിച്ചത്. റോഡ് തകർന്നതോടെ റോഡിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മഴയത്ത് ആഴാകുളം ദീപാ കല്യാണമണ്ഡപത്തിന്റെ മുൻവശം മുതൽ മുട്ടയ്ക്കാട് ജംഗ്ഷൻ വരെയുള്ള റോഡ് പൂർണമായും തകർന്നതോടെ ഇതുവഴിയുള്ള ബസ് സർവീസുകൾ നിലച്ചിരിക്കുകയാണ്.
സ്‌കൂൾ വാഹനങ്ങൾ സഹിതം ഇവിടെ വരാൻ മടിക്കുന്നതിനാൽ രക്ഷകർത്താക്കൾ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിൽ കൊണ്ടാക്കേണ്ട ഗതികേടിലാണ്.
റോഡിന്റെ മദ്ധ്യഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടത്തെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരനായ ഒരു പാൽക്കാരൻ വീഴുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും പാൽ പൂർണമായും റോഡിലൂടെ ഒലിച്ചു പോകുകയും ചെയ്തിരുന്നു. 4 മാസം മുൻപ് നാട്ടുകാരുടെ പരാതിയെ തുടർന്ന് എം. വിൻസെന്റ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കുഴികൾ അടയ്ക്കാൻ 15 ലക്ഷം തുക അനുവദിച്ചിരുന്നു. എന്നാൽ റോഡ് ഫണ്ട് ബോർഡാകട്ടെ ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടുപോകുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
33 കോടി അനുവദിച്ചിട്ടും
2018ൽ കിഫ്ബിയുടെ സഹായത്താൽ ആഴാകുളം, മുട്ടയ്ക്കാട്, പനങ്ങോട്, കാട്ടുകുളം, നെല്ലിവിള, തെറ്റിവിള എന്നിവ ചേർത്ത് 7 കിലോമീറ്റർ റോഡിനെ വീതിക്കൂട്ടി നവീകരിക്കുന്നതിന് 33 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു.
തുടർന്ന് രൂപകല്പന, അവലോകന സർവേ ജോലികൾ എന്നിവ പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു.
അനന്തമായി നീളുന്ന വികസനം
തുടർന്ന് കിഫ്ബിയുടെ വികസനം ഇഴയാൻ തുടങ്ങിയതോടെ ഇവിടെയുള്ള സഞ്ചാരം ദുരിതമായി. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പരുകൾ ശേഖരിച്ച് വെങ്ങാനൂർ, കല്ലിയൂർ വില്ലേജുകളിൽ നൽകി വർഷം രണ്ട് കഴിഞ്ഞിട്ടും കഥ പഴയതു തന്നെയാണ്. ബ്ലോക്ക് തിരിച്ചുള്ള സ്‌കെച്ച് എടുത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന് വേണ്ടി ലാൻഡ് അക്വിസിഷന് തഹസിൽദാരെ ഏല്പിക്കുമെന്നും അധികൃതർ പറഞ്ഞതും എങ്ങുമെത്തിയില്ല.
സർവേ നമ്പരുകൾ ശേഖരിച്ച് റോഡിന്റെ അലൈന്റ്‌മെന്റ് നടപടികൾ പൂർത്തിയാക്കിയതല്ലാതെ യാതൊരു പുരോഗതിയുമില്ലാതെ നീളുകയാണ് പദ്ധതി.
നാട്ടുകാരുടെ നിരവധി പരാതികൾ കിട്ടിയതിനെ തുടർന്നാണ് എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ സർക്കാരിന്റെ ഉദാസീനതയാണ് പണി നീളാൻ കാരണം.
എം.വിൻസെന്റ് എം.എൽ.എ
ടെൻഡർ നടപടികൾ ഒരു വട്ടം പൂർത്തിയാക്കിയിരുന്നു. പക്ഷേ കരാർ ഏറ്റെടുക്കാൻ ആളില്ലായിരുന്നു. റീ ടെൻഡർ വിളിച്ചു നടപടികൾ ഉടൻ തുടങ്ങും.
കെ.ആർ.എഫ്.ബി അധികൃതർ