ഉദിയൻകുളങ്ങര: അമരവിള ചെക് പോസ്റ്രിൽ വനിതാ ഉദ്യോഗസ്ഥരില്ലാത്തത് മയക്കുമരുന്നു കടത്ത് സംഘങ്ങൾ മറയാക്കുന്നു എന്ന കേരളകൗമുദി വാർത്തയെത്തുടർന്ന്, അവിടെ ആവശ്യാനുസരണം വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവായി.
തമിഴ്നാടിന്റെ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ എക്സൈസ് പരിശോധന പേരിനു മാത്രമാണ്. അമരവിള പാലത്തിനു സമീപം ഗ്രാമത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സ്ഥിരംസംഘത്തെ പോസ്റ്റുചെയ്തിട്ടുണ്ടെങ്കിലും, ഒരു സമയം പരിശോധനയ്ക്ക് കാണുന്നത് അഞ്ചിൽ താഴെ ജീവനക്കാർ മാത്രം. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിൽ, ഈ ജീവനക്കാരെ മാത്രം ഉപയോഗിച്ച് നടത്തുന്ന പരിശോധന പ്രഹസനമാവുകയാണ്. പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനങ്ങളൊന്നും തന്നെയില്ല. വനിതാ ജീവനക്കാരില്ലാത്തതിനാൽ സ്ത്രീകളെ പരിശോധിക്കാനാവുന്നുമില്ല. ഇത് സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരി കടത്തിന് സംഘങ്ങൾ മറയാക്കുന്നു.