
ആറ്റിങ്ങൽ: ഇടറോഡിലെ മതിലിടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പൂവണത്തിൻമൂട് അമ്പലത്തുംവിള വീട്ടിൽ സിന്ധു( 47)വിനാണ് പരിക്കേറ്റത്. ഇന്നലെ പകൽ മൂന്നരയോടെയാണ് സംഭവം. ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നും ഗ്രാമം റോഡിലേയ്ക്കുള്ള ഇടറോഡ് സൈഡിലെ പഴയ മതിലാണ് മഴയിൽ കുതിർന്ന് ഇടിഞ്ഞു വീണത്. ഈ സമയം അതുവഴി കാൽനടയായി പോവുകയായിരുന്നു സിന്ധു. ഇവരുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചു. മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയാണ്.
സ്കൂൾ വിടുന്ന സമയവും ഓഫീസ് വിടുന്ന സമയവും ഇതുവഴി കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ടൂഷൻ സെന്ററുകളിലേയ്ക്കും മാർക്കറ്റിലേയ്ക്കും പോകുന്നത്. ഈ സമയത്താണ് മതിൽ ഇടിഞ്ഞു വീണിരുന്നതെങ്കിൽ വൻ ദുരന്തം ഉണ്ടായേനേ. ഈ വഴിയിലൂടെ വാഹനം പോകാതിരിക്കാൻ നടുക്ക് ഗ്രില്ല് വച്ച് കാൽ നടക്കാർക്ക് പേകാനും വരാനും സൗകര്യം ഒരുക്കിയിരുന്നു. ഇതിൽ ഒരു വശത്താണ് മതിൽ ഇടിഞ്ഞു വീണ് അപകടം സംഭവിച്ചത്.