parassala

പാറശാല: പാറശാലയിലെ യാത്രാക്ലേശം മാറ്റമില്ലാതെ തുടരുകയാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപാണ് മന്ത്രിയായിരുന്ന എൻ.സുന്ദരൻ നാടാരുടെ നേതൃത്വത്തിൽ പാറശാലയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിച്ചത്. മലയോര കടലോര പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളിലെ സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങൾക്കായി യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് തുടങ്ങിയത്.

ഡിപ്പോ സ്ഥാപിക്കപ്പെട്ടതോടെ ആവശ്യത്തിന് ബസ് സർവീസ് നടത്തുന്നതിനുള്ള നിരവധി റൂട്ടുകൾ ഉണ്ടെങ്കിലും ഇവിടത്തെ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ യാത്ര ചെയ്യാൻ സ്വന്തമായോ വാടകയ്ക്കോ വാഹനം വേണ്ടിവരുന്ന അവസ്ഥയാണിവിടെ.

സർവീസുകൾ കൃത്യമായി നടക്കാത്തതും യാത്രകൾ ഉറപ്പാക്കാത്തതുമായ ജനസാന്ദ്രത കൂടുതലുള്ള മേഖലകളിലേക്കാണ് സമാന്തര സർവീസുകൾ കൂട്ടിയത്. നേരത്തേ സമാന്തര സർവീസുകൾക്ക് പിന്നാലെ ഓടിക്കുന്നത് അനുഗ്രഹമായി കണ്ടവർ പിന്നീട് നിലനിൽപ്പ് അപകടത്തിലാണെന്ന് അറിഞ്ഞ് എതിർപ്പുമായി എത്തിയതോടെയാണ് നാട്ടുകാർ കൂടുതൽ ബുദ്ധിമുട്ടിലായത്. ഇപ്പോഴാകട്ടെ കെ.എസ്.ആർ.ടി.സി സർവീസ് നടത്താൻ തയ്യാറാകുന്നുമില്ല, സമാന്തര സർവീസുകളെ നിരത്തിലിറക്കാനും അനുവദിക്കുന്നില്ല. മാനേജ്‌മെന്റിന്റെ സിംഗിൾ ഡ്യൂട്ടി എന്ന നവീകരണ പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കി പരാജയപ്പെട്ട ഡിപ്പോയാണ് പാറശാല. പദ്ധതി നടപ്പിലാക്കാൻ മാനേജ്‌മെന്റും എതിർപ്പുമായി ജീവനക്കാരുടെ സംഘടനകളും നിൽക്കുമ്പോൾ യാത്ര ചെയ്യാനായി ബസില്ലാതെ നട്ടം തിരിയുന്നതാകട്ടെ പാവപ്പെട്ടവരും സാധാരണക്കാരുമായ യാത്രക്കാരാണ്.

വൈകിട്ടായാൽ ബസില്ല...

പാറശാല വെള്ളറട റൂട്ടിൽ വൈകിട്ട് നാല് മണി കഴിഞ്ഞാൽ പിന്നെ ഏഴ് മണിക്കാണ് അടുത്ത ബസ്.സ്‌കൂൾ വിട്ട് എത്തുന്നവരും ഓഫീസുകളിൽ നിന്ന് എത്തുന്നവരും പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന യാത്രക്കാർ മണിക്കൂറുകൾ റോഡ് വക്കിൽ നോക്കി നിൽക്കേണ്ട അവസ്ഥയാണ്.

ആശ്രയം

മലയോര പാതയായ ദേശീയ പാതയിലെ യാത്രാക്ലേശത്തിന് പരിഹാരമായി തമിഴ്‌നാട് ബസുകളെയെങ്കിലും ആശ്രയിക്കേണ്ട ഗതികേടിലാണ്. ഗ്രാമീണ മേഖകളകളായ പാറശാല - വെള്ളറട, പാറശാല-പൂവാർ, പാറശാല -പ്ലാമൂട്ടുക്കട -വിഴിഞ്ഞം മേഖലകളിലേക്കുള്ള യാത്രക്കാരാണ് കൂടുതലായും കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്.