തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക തസ്‌തികയിൽ തോന്നുപടി നിയമനം നടത്തുന്നത് ഇതാദ്യമല്ല. ദിവസവേതനക്കാരായി നിയമനം ലഭിച്ചവർ വർഷങ്ങളായി നഗരസഭയിൽ തുടരുന്നുണ്ട്. ഇവരുടെ കരാർ പുതുക്കി നൽകലും ക്രമവിരുദ്ധമായാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്.
അവസാനം നടന്ന ഓഡിറ്റിലും ഇത്തരത്തിലുള്ള അനധികൃത നിയമനവും കാലാവധി നീട്ടലും കണ്ടെത്തിയിരുന്നു. കണ്ടിജന്റ് വിഭാഗത്തിൽ 30 ആൻഡി മൊസ്‌ക്വിറ്റോ തൊഴിലാളികൾ, 31 സാനിട്ടറി വർക്കർമാർ, 26 ഡ്രൈവേഴ്സ്,വാച്ച്മാൻ എന്നിവരും, റെഗുലർ വിഭാഗത്തിൽ 8 ഡ്രൈവർമാർ, 1 പമ്പ് ഓപ്പറേറ്റർ, 1 ടെലി അറ്റൻഡർ, 10 വാച്ച്മാൻ, 24 ഡാറ്റാ എൻട്രി ഓപ്പറേറ്റർ, 1 ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ, 1 സ്വീപ്പർ കം കൗണ്ടർ സ്റ്റാഫ്, ഐ.റ്റി ഓഫീസർ, തുടങ്ങിയവരാണ് പത്ത് വർഷത്തിനടുത്ത് ഒരേ തസ്‌തികയിൽ ജോലി ചെയ്യുന്നെന്നാണ് കണ്ടെത്തിയത്. സർക്കാർ അനുമതിയില്ലാത്ത തസ്‌തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തേണ്ട സാഹചര്യം വരികയാണെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ചട്ടമുണ്ട്. ഇത് പാലിക്കാതെയാണ് നഗരസഭയിൽ നിയമനങ്ങൾ നടത്തുന്നത്.
സർക്കാർ അംഗീകൃത തസ്‌തികകളിൽ അടിയന്തര ഘട്ടങ്ങളിൽ പരമാവധി 90 ദിവസം വരെയുള്ള ദിവസവേതന നിയമനം വകുപ്പ് മേധാവിക്ക് നടത്താം. എന്നാൽ ഈ കാലാവധിക്ക് പുറത്ത് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അംഗീകൃത തസ്തികകളാണെങ്കിലും സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
വിരമിച്ചവർക്കും ജോലി
തൊഴിലില്ലാതെയും നഗരസഭയുടെ ഇന്റർവ്യു പാസായിട്ടും ജോലി ലഭിക്കാത്തവർ പുറത്ത് നിൽക്കുമ്പോൾ വിരമിച്ചവർക്ക് ചട്ടം മറികടന്ന് ജോലി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. അവസാനം നടന്ന പരിശോധനയിൽ ഫിറ്റർ,സാർജന്റ് എന്നീ തസ്തികയിലാണ് വിരമിച്ച ജീവനക്കാരനെ പുനർനിയമിച്ചിരിക്കുന്നത്. സാർജന്റ് തസ്‌തികയിലെ ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടമെങ്കിലും അതും ചെയ്‌തിട്ടില്ല.