general

ബാലരാമപുരം: ഇന്ത്യയുടെ ദേശീയപതാക കൈത്തറിനാടിന്റെ സ്‌മൃതിയുണർത്തി കേന്ദ്രധനമന്ത്രിയുടെ ഔദ്യോഗിക ഓഫീസിൽ പാറിപ്പറക്കും. മുതിർന്ന നെയ്‌ത്ത് തൊഴിലാളി രാമപുരം ഇടവഴിക്കര വീട്ടിൽ അയ്യപ്പൻ നെയ്‌ത 36 ഇഞ്ച് നീളത്തിലും 56 ഇഞ്ച് വീതിയിലുമുള്ള ദേശീയപതാക ബാലരാമപുരം ഹാൻഡ്ലൂം പ്രൊഡ്യൂസർ കമ്പനിയുടെ കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന് സമ്മാനിച്ചു. അദ്ദേഹത്തിന് ഉപഹാരം നൽകി കേന്ദ്രമന്ത്രി ആദരിച്ചു.


63 വർഷമായി നെയ്‌ത്ത് തൊഴിൽ രംഗത്ത് സജീവമായ അയ്യപ്പനെ ദേശീയകൈത്തറി ദിനത്തിൽ മന്ത്രി വി. ശിവൻകുട്ടി ആദരിച്ചിട്ടുണ്ട്. മുൻ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ സഹായത്തോടെ ദേശീയപതാക പ്രധാനമന്ത്രിക്കും പതാക നെയ്യുന്നതിന്റെ സി.ഡി സംസ്ഥാന സർക്കാരിനും നേരത്തെ കൈമാറിയിരുന്നു. കൈത്തറിയിൽ ദേശീയപതാക നെയ്യുന്നതിന്റെ നടപടികൾ ദേശീയതലത്തിൽ സജീവമാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.