
നിയമനം എംപ്ളോ. എക്സ്ചേഞ്ചിന് വിട്ട് മന്ത്രി
തിരുവനന്തപുരം: ഗവർണർ- സർക്കാർ പോരിൽ വശംകെട്ട് നിൽക്കുന്ന സി.പി.എം നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി തലസ്ഥാന കോർപറേഷനിൽ പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാൻ ലിസ്റ്റ് തേടി മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനയച്ച കത്ത്. സർക്കാരിനെതിരെ പുതിയൊരായുധം കിട്ടിയതോടെ യു.ഡി.എഫും ബി.ജെ.പിയും മേയറുടെ രാജിയും അന്വേഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തു. സ്വജനപക്ഷപാതം കാട്ടിയ മേയറുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ കോൺഗ്രസ് സമീപിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗത്തിൽ 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് ചോദിച്ചത്. മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ കൂടിയായതോടെ കത്ത് വ്യാമാണെന്ന കോർപറേഷന്റെ വാദത്തിനും ബലം കിട്ടാതായി.
താത്കാലിക നിയമനങ്ങൾക്ക് സി.പി.എം ജില്ലാ സെക്രട്ടറിമാരാണ് ആളുകളെ നിശ്ചയിച്ച് നൽകുന്നതെന്ന തരത്തിലാണ് കത്തിനെ പ്രതിപക്ഷം വ്യാഖ്യാനിക്കുന്നത്. സർവകലാശാലകളിലെ ബന്ധുനിയമന വിവാദങ്ങളിലാണ് ഗവർണർ സർക്കാരിനെതിരെ സമ്മർദ്ദം കടുപ്പിക്കുന്നത്. ഗവർണറുടെ നിലപാടിനും കത്ത് വിവാദം ബലം നൽകുന്നു.
തൊഴിൽരഹിതരുടെ വികാരമേറ്റെടുത്ത് പ്രതിഷേധം കനപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനാൽ പ്രതിസന്ധിയിൽ നിന്ന് തലയൂരാനുള്ള ശ്രമം സി.പി.എം ഊർജ്ജിതമാക്കി. കത്ത് വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എമ്മും മേയറും വ്യക്തമാക്കി. കത്ത് വിവാദം ശമിപ്പിക്കാനെന്നോണം, 297 നിയമനങ്ങളും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇന്നലെ എംപ്ളോയ്മെന്റ് എക്‌സ്ചേഞ്ച് വഴിയാക്കി.
കോഴിക്കോട്ടുള്ള ആര്യയോട് ആനാവൂർ വിവരമാരാഞ്ഞപ്പോൾ താനങ്ങനെയൊരു കത്ത് തയാറാക്കിയിട്ടില്ലെന്നാണ് മറുപടി നൽകിയത്. കത്ത് പാർട്ടി നേതൃത്വത്തിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ആനാവൂരും പറയുന്നു. നേതൃത്വത്തിന് കിട്ടാത്ത കത്തെങ്ങനെ പാർട്ടി നേതാവിന്റേതുൾപ്പെടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുവെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
മേയർ രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. രാജിയാവശ്യത്തിന് വഴങ്ങിയാൽ തെറ്റ് സമ്മതിക്കലാവും. കത്തിൽ മേയറുടെ ഒപ്പുണ്ടെങ്കിലും മുദ്ര പതിപ്പിച്ചിട്ടില്ല. കത്തിൽ രേഖപ്പെടുത്തിയ തീയതി ഈ മാസം ഒന്നാണ്. അന്ന് തൊഴിലില്ലായ്മയ്ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിലായിരുന്നു ആര്യ. അതുകൊണ്ടുതന്നെ താനറിയാതെയുണ്ടായ കളിയാണെന്നാണ് മേയർ പറയുന്നത്.
മറനീക്കി ചേരിപ്പോര്
പാർട്ടിക്കകത്ത്, പ്രത്യേകിച്ച് കോർപ്പറേഷനിൽ പുകയുന്ന ചേരിപ്പോരിന്റെ പ്രതിഫലനമായിട്ടാണ് കത്ത് വിവാദത്തെ സി.പി.എം നോക്കിക്കാണുന്നത്. പാർലമെന്ററി പാർട്ടി സെക്രട്ടറിയടക്കമുള്ള നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ തമ്മിലെ പോരാണ് കത്ത് ചോർന്നതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വിഭാഗീയത അതിരുവിടുന്നതിനെ ഗൗരവമായെടുക്കാനാണ് സി.പി.എം തീരുമാനം. ഈ മാസം ഒമ്പതിന് ചേരുന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തേക്കും.
നിയമന ലിസ്റ്റ് തേടി അനിലും
കോർപറേഷനിലെ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ഇന്നലെ പുറത്തുവന്നു. എസ്.എ.ടി ആശുപത്രിയിൽ പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ മുഖേന ഒൻപത് ജീവനക്കാരെ നിയമിക്കാൻ അംഗങ്ങളുടെ പട്ടികയാണ് തേടിയത്. മാനേജർ, കെയർടേക്കർ അടക്കമാണ് ഒഴിവ്. ഒക്ടോബർ 24നാണ് കത്തയച്ചത്.
കത്തിലുള്ള തീയതിയിൽ ഡൽഹിയിൽ ഡി.വൈ.എഫ്.ഐ മാർച്ചിലായിരുന്നു. പാർട്ടിയുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും
-ആര്യാ രാജേന്ദ്രൻ, മേയർ
കത്ത് ലഭിച്ചിട്ടില്ല. വ്യാജമാണെന്ന് ഇപ്പോൾ സ്ഥീരികരിക്കാനാകില്ല. വ്യാജമെങ്കിൽ നിയമ നടപടി സ്വീകരിക്കും. മേയറുമായി ചർച്ച ചെയ്യും
-ആനാവൂർ നാഗപ്പൻ,
സി.പി.എം ജില്ലാ സെക്രട്ടറി