1

മത്സ്യത്തൊഴിലാളികൾക്ക് ഐ.ജിയുടെ അഭിനന്ദനവും കാഷ് അവാർഡും

വിഴിഞ്ഞം: കടൽച്ചുഴിയിൽപ്പെട്ട ലൈഫ് ഗാർഡിനെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. ആഴിമലയിലെ സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാർഡായ അടിമലത്തുറ അമ്പലത്തുംമൂല പുരയിടത്തിൽ സേവ്യറിനെയാണ് (33) സാഹസികമായി രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് 5 ഓടുകൂടി ആഴിമലഭാഗത്ത് കുളിക്കാനിറങ്ങിയപ്പോൾ കടൽച്ചുഴിയിൽപെട്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട ടൂറിസം പൊലീസ് ഉദ്യോഗസ്ഥൻ വിഴിഞ്ഞം കോസ്റ്റൽ പൊലീസിൽ വിവരം അറിയിച്ചു. സ്വന്തം ബോട്ട് ഇല്ലാത്തതിനാൽ മത്സ്യത്തൊഴിലാളിയുടെ വള്ളം സംഘടിപ്പിച്ച് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷാപ്രവർത്തകർ എത്തുംവരെ മുക്കാൽ മണിക്കൂറോളം നിലവെള്ളം ചവിട്ടിയാണ് സേവ്യർ നിന്നത്. വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിൽ എത്തിച്ച് സേവ്യറിന് പ്രാഥമിക ശുശ്രൂഷ നൽകി. കോസ്റ്റൽ സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് കുമാർ, കോസ്റ്റൽ വാർഡന്മാരായ തതേയൂസ്,സൂസ, കിരൺ,സിൽവസ്റ്റർ,മത്സ്യത്തൊഴിലാളികളായ ജെയിംസ്, സുധീർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് സൗജന്യമായി വള്ളം വിട്ടുനൽകിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് ഐ.ജി അഭിനന്ദിച്ചു. ഇവർക്ക് കാഷ് അവാർഡും പ്രഖ്യാപിച്ചു.

ജീവന്റെ കാവലാളായത് ടൂറിസം പൊലീസ്

ആഴിമല കടൽത്തീരത്ത് ഡ്യൂട്ടി നോക്കവെയാണ് ടൂറിസം പൊലീസിലെ സീനിയർ സിവിൽ പൊലീസായ ഗോപകുമാറിന്റെ കൺമുന്നിൽ ഒരാൾ തിരയോട് മല്ലിടുന്നത് കണ്ടത്. ഉടൻ തന്നെ വിഴിഞ്ഞം സ്റ്റേഷനിലും കോസ്റ്റൽ പൊലീസിലും അറിയിച്ചതനുസരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗോപകുമാറിന്റെ സമയോചിത ഇടപെടലാണ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞശേഷം ശാന്തമായി കണ്ട കടലിൽ കുളിക്കാനിറങ്ങിയതാണ് സേവ്യർ. പെട്ടെന്ന് തിരയിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുന്ന സമയം മുഴുവനും സേവ്യറിന് മനോധൈര്യം പകർന്നത് ജ്യേഷ്ഠ സഹോദരനായ അലക്സാണ്ടറായിരുന്നു. കടലിലേക്ക് ചാടി സേവ്യറുടെ അടുത്തെത്തി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ രക്ഷാപ്രവർത്തകർ എത്തുംവരെ സമീപത്ത് കടലിൽ സുരക്ഷിതനായി നിന്ന് സേവ്യർക്ക് ധൈര്യം പകർന്നു നൽകുകയായിരുന്നു.