തിരുവനന്തപുരം: ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്‌തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കത്ത് മേയറോ ഓഫീസിൽ നിന്നോ നൽകിയിട്ടില്ലെന്ന് നഗരസഭയുടെ വിശദീകരണം. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല. മേയർ സ്ഥലത്തില്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.

വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇത്തരത്തിൽ നഗരസഭയെയും മേയറെയും ഇകഴ്‌ത്തിക്കാട്ടാൻ ചിലർ നേരത്തെ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പുതിയ തന്ത്രവുമായി അവർ രംഗത്തുവരുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണസമിതിയും ഉദ്ദേശിക്കുന്നത്. ആക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ തസ്‌തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.

കത്ത് വ്യാജമാണ്, തെളിവ്

കൈയിലുണ്ട്: ഡെപ്യൂട്ടി മേയ‌ർ

മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ വന്നിരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു പറഞ്ഞു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് തെളിവുകൾ നിരത്തി രാജു മാദ്ധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ വ്യാജമായി ആരോ നിർമിച്ചതാണിത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിൽ മേയർ ഒപ്പിട്ടിരിക്കുന്ന തീയതി നവംബർ ഒന്നിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് മേയർ ഡൽഹിയിലാണ്. അവിടെനിന്ന് മടങ്ങി എത്തിയിരുന്നില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.

പ്രതിഷേധാർഹം

തിരുവനന്തപുരം: ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ ആക്രമിച്ച ബി.ജെ.പി കൗൺസിലർമാരുടെ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.