
പഴയ തിരുവിതംകൂറിൽ പട്ടം താണുപിള്ളയെ 'മിസ്റ്റർ താണുപിള്ള' എന്നു വിളിക്കാൻ ധൈര്യപ്പെട്ടിരുന്നത് ഒരേയൊരാൾ. തിരുവിതാംകൂർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ത്രിമൂർത്തികളിൽ മറ്റ് രണ്ടു പേരായ ടി.എം. വർഗീസും സി. കേശവനും പോലും പട്ടത്തെ 'സാർ' എന്നു വിളിച്ചപ്പോൾ, മുഖ്യമന്ത്രിയായിരുന്ന പട്ടത്തെ മിസ്റ്റർ താണുപിള്ള എന്നു വിളിച്ചത് ആർ. ശങ്കർ മാത്രം! ശങ്കറിന്റെ അപാരമായ വ്യക്തി പ്രഭാവത്തിന്റെ പ്രതീകമായിരുന്നു അത്.
പുന്നപ്ര- വയലാർ സമരത്തിന് ഒരുക്കങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ സമരത്തിന്റെ അപ്രായോഗികതയും വിഡ്ഢിത്തവും ചതിയും ചൂണ്ടിക്കാട്ടി അദ്ദേഹം ആലപ്പുഴയിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു. ഒന്നാം ഇ.എം.എസ് സർക്കാരിനെതിരെ നടന്ന വിമോചന സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളും ശങ്കറായിരുന്നു. ഇതൊക്കെ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുവാക്കി. 1957-ലാണ് ആർ. ശങ്കർ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാകുന്നത്.
സ്വാതന്ത്ര്യസമര സേനാനി, കെ.പി.സി.സി അധ്യക്ഷൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സ്ഥാപകനും ആദ്യ സെക്രട്ടറിയും, തിരുവാതാംകൂർ നിയമസഭാംഗം, കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, അദ്ധ്യാപകൻ, അഭിഭാഷകൻ, പത്രാധിപർ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയ അസാമാന്യ പ്രതിഭ. കടന്നുചെന്ന ഇടങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച, എന്നും എവിടെയും എപ്പോഴും കർമ്മനിരതനായ പോരാളി. മുഖ്യമന്ത്രി, ധനമന്ത്രി എന്നീ നിലകളിലെല്ലാം ഭരണ മികവ് തെളിയിച്ച ആർ.ശങ്കർ മികവുറ്റ സംഘാടകനുമായിരുന്നു. അധികാരസ്ഥാനങ്ങൾ സവർണന്റേതു മാത്രമാണെന്ന വിശ്വാസപ്രമാണങ്ങളെ തകർത്ത് പിന്നാക്ക വിഭഗത്തിൽ നിന്നുള്ള കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി.
ദേശീയ പ്രസ്ഥാനം ഉമിത്തീ പോലെ നീറിപ്പുകഞ്ഞ 1938 കാലഘട്ടം. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായി മാറിയ ശങ്കറിന് ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. 1942-ൽ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. പിന്നീട് സ്റ്റേറ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും 1944- ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായി. ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയ എസ്.എൻ.ഡി.പി യോഗത്തിനു കീഴിൽ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും ആർ. ശങ്കർ ജനറൽ സെക്രട്ടറിയായിരുന്നപ്പോഴാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ മഹത്തായ ആശയങ്ങളെ കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെടുത്താൻ ആർ.ശങ്കർ അത്മാർഥമായി ശ്രമിച്ചു.
മുഖ്യമന്ത്രി എന്ന നിലയിൽ എം.എൽ.എമാരെ കൂടെ നിർത്തുന്നതിൽ ശങ്കറിന് അപാരമായ കഴിവുണ്ടായിരുന്നു. പി.ടി. ചാക്കോ അവതരിപ്പിച്ച് പാസാക്കിയെടുത്ത പുതിയ ഭൂപരിഷ്‌കാര ബില്ലിന് എല്ലാ പ്രോത്സാഹനവും ഭരണപരമായ പിന്തുണയും നൽകിയത് ശങ്കറായിരുന്നു. ധനവകുപ്പ് ആയിരുന്നു ശങ്കറിന്റെ ഇഷ്ടവിഷയം. വിജയത്തെ എന്ന പോലെ പരാജയത്തെയും ശങ്കർ അസാദ്ധ്യമായ ആത്മവിശ്വാസത്തോടെ നേരിട്ടു. പരാജയത്തിലും തലയുയർത്തി നിന്നു. മുഖ്യമന്ത്രി പദത്തിൽ നിന്ന് ഇറങ്ങിയ അന്നു വൈകുന്നേരം മറ്റ് വിവാദങ്ങളിലേക്കൊന്നും പോകാതെ ഔദ്യോഗിക വസതിയിൽ പത്രക്കാരുമൊത്ത് ചായ കുടിച്ചും തമാശ പറഞ്ഞും സമയം പോക്കുകയായിരുന്നു ആർ. ശങ്കർ.
ധീരനായ നേതാവെന്ന നിലയിൽ എക്കാലത്തും ആദരണീയനാണ് ആർ.ശങ്കർ. വിദ്യാഭ്യാസ രംഗത്ത് ആർ. ശങ്കറിന്റെ സംഭാവനകൾ നിസ്തുലമാണ്. അദ്ദേഹത്തിന്റെ കർമ്മശേഷിയുടെ പ്രതീകമാണ് കൊല്ലത്തെ ശ്രീനാരായണ കോളേജ്. എസ്.എൻ.ഡി.പി യോഗത്തിന്റെ നിയന്ത്രണത്തിൽ ഒരു ഡസനിലേറെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സമാരംഭത്തിന് നേതൃത്വം നല്കിയ ആർ. ശങ്കർ തന്നെയാണ് എസ്.എൻ ട്രസ്റ്റ് രൂപീകരിക്കുന്നതിനു പിന്നിലെ ശക്തികേന്ദ്രവും.
യുക്തിസഹമായ വാദമുഖങ്ങൾ, മൂർച്ചയുള്ള വാക്കുകൾ, ഏത് ഉത്തരവാദിത്തവും വിജയപഥത്തിൽ എത്തിക്കാനുള്ള അനിതരസാധാരണമായ കഴിവ്, എതിരാളികളിൽപ്പോലും മതിപ്പുളവാക്കുന്ന കാര്യശേഷി, ആർ. ശങ്കർ എന്ന പ്രതിഭാശാലിക്ക് സമശീർഷരായി കേരള രാഷ്ട്രീയ ചരിത്രത്തിൽ അധികം പേരില്ല. ആർ. ശങ്കറെന്ന മഹാരഥന്റെ ജീവിതം കേരള സമൂഹത്തിന്റെ പുരോഗമന മുന്നേറ്റ ചരിത്രം കൂടിയാണ്.