തിരുവനന്തപുരം: നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോവളത്ത് സഞ്ചാരികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ടൂറിസം വകുപ്പ് കൂടുതൽ കാമറകൾ സ്ഥാപിച്ചു. അതിവേഗത്തിൽ പായുന്ന വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ പോലും തിരിച്ചറിയാൻ സാധിക്കുന്ന പത്ത് എ.എൻ.പി.ആർ കാമറകളാണ് ബീച്ചിലും ബീച്ചിലേക്കുള്ള പ്രധാന റോഡുകളിലുമായി സ്ഥാപിച്ചത്.
കോവളം ബൈപ്പാസിലും ബീച്ചിന്റെ പരിസരത്തുമുള്ള 57ഓളം നിരീക്ഷണ കാമറകൾക്ക് പുറമേയാണിത്. കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കോവളം പൊലീസ് സ്റ്റേഷനിലാണ് ലഭ്യമാകുക. ബീച്ചിലും പരിസരത്തും ക്രിമിനലുകളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും സഞ്ചാരികൾക്ക് നേരെ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളോ ചൂഷണമോ ഉണ്ടായാലോ അപ്പോൾത്തന്നെ അത് കണ്ടെത്തുന്നതിനും കുറ്റവാളികളെ കൈയോടെ പിടികൂടാനും പുതിയ കാമറ നിരീക്ഷണ സംവിധാനം ഉപകരിക്കും.
കാമറകൾ ബീച്ചിലും നിരത്തിലും സ്ഥാപിക്കുന്ന ജോലി പൂർത്തിയായതോടെ ഇതിന്റെ സാങ്കേതിക സംവിധാനങ്ങൾ കൂടി സജ്ജമാക്കിയശേഷം നവംബർ 30ഓടെ ഇവ പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം. കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയെങ്കിലും കാമറ പ്രവർത്തനത്തിനും ദൃശ്യങ്ങൾ ശേഖരിക്കുന്നതിനുമുള്ള സാങ്കേതിക ഉപകരണങ്ങളുമായി ഇവയെ ബന്ധിപ്പിക്കുന്ന ജോലികൾ അവശേഷിക്കുന്നുണ്ട്.
കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി കണക്ഷനും ലഭ്യമാക്കണം. വരുന്ന പത്ത് ദിവസത്തിനകം ഇത്തരം ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. കോവളം ബീച്ചും പരിസരവും കൂടാതെ കോവളം ജംഗ്ഷൻ, വിഴിഞ്ഞം, ആവാടുതുറ, വെള്ളാർ ക്രാഫ്ട് വില്ലേജ് എന്നിവിടങ്ങളും കാമറ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.