vishnu

 പീഡനം ഷാഡോ പൊലീസ് ചമഞ്ഞ്

തിരുവനന്തപുരം: പൂജപ്പുര നിർഭയ ഹോമിൽ നിന്ന് ചാടിപ്പോയ രണ്ട് പെൺകുട്ടികളെ ഷാഡോ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി അതിലൊരാളെ പീഡിപ്പിച്ച സംഭവത്തി​ൽ കൊലക്കേസ് പ്രതി​ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മെഡിക്കൽ കോളേജ് ചാക്കോ നഗർ സ്വദേശി വിഷ്ണു (33), മെഡി. കോളേജ് ആശുപത്രിക്ക് സമീപത്തെ ഫ്രണ്ട്സ് ലോഡ്ജ് ഉടമ കടകംപള്ളി അണമുഖം കാവുവിള സ്വദേശി ബിനു (34) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റു ചെയ്തത്.

പ്രതികൾക്കെതിരെ പോക്സോ കേസും തട്ടിക്കൊണ്ടുപോകലടക്കമുള്ള വകുപ്പുകളും ചുമത്തി. വിഷ്ണുവിന് തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ ലോഡ്ജ് മുറി നൽകിയതിനാണ് ബിനുവിനെ അറസ്റ്റു ചെയ്തത്. പെൺകുട്ടികൾ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് നിർഭയ ഹോമി​ൽ നി​ന്ന് ചാടിപ്പോയത്. തുടർന്ന് ഓട്ടോയിൽ കയറി കിഴക്കേകോട്ടയിലെത്തി. അവിടെ നിന്ന് മറ്റൊരു ഓട്ടോയിൽ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്നതിനിടെ ഓട്ടോ ഡ്രൈവറുടെ മൊബൈലിൽ നിന്നും സുഹൃത്തിനെ വിളിച്ച് മെഡിക്കൽ കോളേജ് ഗ്രൗണ്ടിന് സമീപം എത്താൻ ആവശ്യപ്പെട്ടു.

അവിടെ എത്തിയ പെൺകുട്ടികൾ സുഹൃത്തുമായി സംസാരിക്കുന്നതിനിടയിൽ ഷാഡോ പൊലീസാണെന്ന് പറഞ്ഞ് വിഷ്ണു എത്തി. സുഹൃത്തിനെ വിരട്ടിയോടിച്ചു. തുടർന്ന് രക്ഷകൻ ചമഞ്ഞ് പെൺകുട്ടികളെ സ്‌കൂട്ടറിൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലെത്തിച്ചു. ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പെൺകുട്ടികൾക്ക് വസ്ത്രം വാങ്ങാൻ കാശ് എടുത്തു വരാമെന്നു പറഞ്ഞ് പുറത്തിറങ്ങി ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ഇവിടെ നിന്നിറങ്ങിയ പെൺകുട്ടികൾ പിന്നീട് കവടിയാറിലെത്തി. അവിടത്തെ പാർക്കിൽനിന്നാണ് പൂജപ്പുര പൊലീസ് ഇവരെ കണ്ടെത്തിയത്. പീഡന വിവരം ഇവർ പൊലീസിനോട് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെൺ​കുട്ടി​കളെ തിരികെ നിർഭയ ഹോമിലെത്തിച്ചു. ഗുണ്ടാപ്പകയെത്തുടർന്ന് 2016ൽ പുത്തൻപാലം സ്വദേശിയായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അറസ്റ്റിലായ വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.