
വർക്കല: വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങൾ മോഷണം നടത്തിയ സംഘത്തെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻചന്ത ചരുവിള വീട്ടിൽ സുരേഷ് (58), വെട്ടൂർ ചിനക്കര വീട്ടിൽ അൻസിൽ (18), കല്ലമ്പലം തോട്ടയ്ക്കാട് അമീൻ വില്ലയിൽ അബ്ദുൽ ഒഫൂർ (52) എന്നിവർ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ അടങ്ങിയ സംഘമാണ് പൊലീസിന്റെ പിടിയിലായത്.
വർക്കല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നിലവിൽ മൂന്ന് കേസുകളാണ് സമാന രീതിയിൽ വർക്കല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുകയും തുച്ഛമായ പണം നൽകി ഈ വാഹനങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുകയും ചെയ്യുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ സ്റ്റേഷൻ പരിധിയിലെ മറ്റ് രണ്ട് ബൈക്കുകൾ കൂടി പൊളിച്ചു വിറ്റതായി പ്രധാന പ്രതിയായ സുരേഷ് മൊഴി നൽകിയിട്ടുണ്ട്. അബ്ദുൽ ഒഫൂറാണ് പൊളിച്ച ബൈക്കിന്റെ പാർട്സുകൾ വാങ്ങിയത്. ഇത്തരത്തിൽ വാഹനങ്ങൾ മോഷണം നടത്തി, പൊളിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായ വാഹനത്തിന്റെ പാർട്സുകൾ പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന്
ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു. വർക്കല ഡി.വൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, പ്രൊബേഷൻ എസ്.ഐ മനോജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, ഫ്രാങ്ക്‌ളിൻ, പൊലീസുകാരായ ഷിജു, ഷൈജു, ഷജീർ, പ്രശാന്ത് കുമാരൻ,ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.