
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ഉൾപ്പെടെ കോർപ്പറേറ്ര് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ)ഫണ്ട് ചെലവഴിക്കാമെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധികൾ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർപ്പാക്കാൻ മദ്ധ്യസ്ഥ ചർച്ച നടത്തിയ പ്രൊഫ.കെ.വി. തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു. എന്നാൽ, നിർദ്ദേശം സ്വീകാര്യമല്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം കൊടുക്കുന്ന ലത്തീൻ അതിരൂപത. തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും വിട്ടുവീഴ്ചയില്ലെന്ന് ലത്തീൻ അതിരൂപത മദ്ധ്യസ്ഥരെ അറിയിച്ചു.
മത്സ്യത്തൊഴിലാളി മേഖലയ്ക്കായി ഈ ഫണ്ടിൽ നിന്ന് അമ്പത് കോടിയിലേറെ ഇതിനകം അദാനിയുടെ കമ്പനി ചെലവഴിച്ചിട്ടുണ്ട്.
സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നും സമവായ ചർച്ചയിൽ അദാനി ഗ്രൂപ്പിന്റെ പ്രിതിനിധികൾ ആവശ്യപ്പെട്ടു. സമരക്കാരുമായുള്ള സർക്കാരിന്റെ ഔദ്യോഗിക ചർച്ചകൾ വഴിമുട്ടിയതോടെയാണ് പ്രശ്നപരിഹാരത്തിന് അനൗദ്യോഗികമായി സർക്കാർ ശ്രമം നടത്തുന്നത്.
സമരം മൂലം 200 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്.
'അദാനി ഗ്രൂപ്പുമായി മദ്ധ്യസ്ഥ ചർച്ച നടന്നിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് യൂജിൻ പെരേരയും മുഖ്യമന്ത്രിയുമാണ്.'
-കെ.വി.തോമസ്
സന്നദ്ധ സംഘടനയുടെ
ഓഫീസിൽ ഐ.ബി റെയ്ഡ്
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധമുളള സന്നദ്ധസംഘടനയുടെ ഓഫീസിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംഘം ശനിയാഴ്ച മിന്നൽ പരിശോധന നടത്തി. വിദേശത്തുനിന്നുള്ള പണമിടപാടുകൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ രണ്ട് പൊതുമേഖല ബാങ്കുകളിൽ നിന്നായി ഐ.ബി ശേഖരിച്ചത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിലെ റെയ്ഡ്. സമരവുമായി സഹകരിക്കുകയും വിദേശഫണ്ട് സ്വീകരിക്കുകയും ചെയ്യുന്ന മറ്റൊരു സന്നദ്ധ സംഘടനയ്ക്ക് രജിസ്ട്രേഷൻ പോലുമില്ലെന്നും ഐ.ബി കണ്ടെത്തി. സംഘടനകളുമായി ബന്ധപ്പെട്ടവരെ വരുംദിവസങ്ങളിൽ ഐ.ബി ചോദ്യം ചെയ്തേക്കും.