
സെറ്റിൽമെന്റ് ആക്ടിന്റെ കരട് ആറുമാസത്തിനുള്ളിൽ
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേയുടെ പശ്ചാത്തലത്തിൽ എല്ലാ ഭൂമിക്കും കൃത്യമായി ഉടമസ്ഥാവകാശം നിശ്ചയിക്കാൻ ലക്ഷ്യമിട്ടുള്ള സെറ്റിൽമെന്റ് ആക്ടിന്റെ കരടിന് ആറു മാസത്തിനുള്ളിൽ അന്തിമരൂപമാവും. ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് തയ്യാറാക്കിയ കരട് റവന്യുവകുപ്പിന് കൈമാറി.
പ്രമാണത്തിൽ ഉൾപ്പെടാത്തതും കൈവശം വച്ചിരിക്കുന്നതുമായ ഏത് വസ്തുവും മിച്ചഭൂമിയോ കൈയേറ്റമോ എന്നതുൾപ്പെടെ വ്യക്തമാകാൻ പ്രാപ്തമാകുന്ന നിലയിലാണ് നിയമം വരുന്നത്. വിശദമായ പഠനത്തിനുശേഷം ഭൂമി സംബന്ധമായ വിഷയങ്ങളിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടും. തുടർന്ന് നിയമവകുപ്പിന്റെ പരിഗണനയ്ക്കുശേഷമാവും കരട് പൂർണമാക്കുക. കേരളപ്പിറവി ദിനത്തിൽ തുടക്കമിട്ട ഡിജിറ്റൽ റീസർവേ പൂർത്തിയാവുന്നതോടെ സംസ്ഥാനത്തെ ആകെ ഭൂമിയുടെ ചിത്രം വ്യക്തമാവും. എല്ലാ ഭൂമിക്കും കൃത്യമായ ഉടമസ്ഥർ ഉണ്ടാവുമെന്നതാണ് ഇതിന്റെ മേന്മ.
ഒരുവ്യക്തിക്ക് പ്രമാണത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ ഭൂമി കൈവശമുണ്ടെങ്കിൽ അതിനു കരം ഒടുക്കാനും പേരിൽക്കൂട്ടാനും നേരത്തെ അവകാശമുണ്ടായിരുന്നു. 1966-ൽ റീസർവേ തുടങ്ങിയത് ഇങ്ങനെ കൈവശ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്താനാണ്. സാങ്കേതിക വിദ്യകളുടെ അഭാവത്താലും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കാരണവും സർവേ ഫലപ്രദമായി പൂർത്തിയാക്കാനായിരുന്നില്ല.
ഒരാളുടെ കൈവശം രേഖകളിൽ കാണുന്നതിനെക്കാൾ കൂടുതൽ ഭൂമി ഉണ്ടെങ്കിൽ, കൈവശാവകാശമായി പരിഗണിച്ച് അതു പോക്കുവരവ് ചെയ്യാനുള്ള ഉത്തരവ് 1994-ൽ റവന്യുവകുപ്പ് ഇറക്കിയിരുന്നു. 2019- ൽ ഈ നടപടി നിറുത്തലാക്കി. രേഖയിലുള്ള സ്ഥലത്തിന്റെ അഞ്ചു ശതമാനത്തിൽ താഴെയാണ് കൈവശമുള്ളതെങ്കിൽ തഹസീൽദാർക്കും അഞ്ചിനു മുകളിലാണെങ്കിൽ ജില്ല കളക്ടർക്കും പരിശോധിച്ച് വസ്തുതാപരമെന്ന് ബോദ്ധ്യപ്പെട്ടാൽ പോക്കുവരവ് ചെയ്യാൻ അനുമതി നൽകാം എന്ന വ്യവസ്ഥ വന്നു. പക്ഷേ, മിച്ചഭൂമിയോ കൈയേറ്റമോ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതു പരിഹരിക്കാനാണ് സെറ്റിൽമെന്റ് ആക്ട്.
അധികഭൂമിക്ക്
ഉടമസ്ഥാവകാശം
ഒരു വ്യക്തിക്ക് രേഖാമൂലമുള്ളതിൽ അധികം ഭൂമി കൈവശമുണ്ടെങ്കിൽ അത് സർക്കാർ ഭൂമിയോ, മറ്റൊരാളുടെ ഭൂമിയോ എന്ന് പരിശോധിക്കും. ഈ രണ്ട് വിഭാഗത്തിലും വരുന്നില്ലെങ്കിൽ നിശ്ചിത ഫീസ് ഈടാക്കി ആ വ്യക്തിക്ക് ഉടമസ്ഥാവകാശം നൽകും. തർക്കമുണ്ടായാൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി തീരുമാനമെടുക്കും.