
കല്ലറ: ദൈവത്തിന്റെ തൃക്കൈകളാൽ രൂപീകരിച്ച എസ്.എൻ.ഡി.പി യോഗത്തെ തളർത്താനോ തകർക്കാനോ പിളർത്താനോ ഒരു ശക്തിക്കും കഴിയില്ലെന്ന് പന്തളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം സി.കേശവൻ സ്മാരക കല്ലറ യൂണിയൻ ഓഫീസ്, ശാഖാ പ്രസിഡന്റ് - സെക്രട്ടറിമാരുടെ സംയുക്ത യോഗം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സംഘടനാ രംഗത്തെ അജയ്യ ശക്തിയായി മാറിയെന്നും കേരളത്തിൽ ഈഴവ സമുദായത്തെ അവഗണിക്കാൻ പറ്റാത്ത ശക്തിയാക്കി അദ്ദേഹം മാറ്റിയെന്നും സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.
യൂണിയൻ ചെയർമാൻ വിശ്വനാഥൻ മേലാറ്റുമുഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറിയും സി. കേശവൻ സ്മാരക കല്ലറ യൂണിയൻ കൺവീനറുമായ അജി എസ്.ആർ.എം സ്വാഗതം പറഞ്ഞു. മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റർ രാജേന്ദ്രൻ സിത്താര, ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, വൈസ് പ്രസിഡന്റ് ത്രിദീപ്, അനീഷ് തട്ടത്തുമല തുടങ്ങിയവർ സംസാരിച്ചു.