k-surendran

തിരുവനന്തപുരം: ജനാധിപത്യത്തെയും ഭരണഘടനയേയും ചവിട്ടിമെതിക്കുന്ന ഇടത് ഭരണത്തിനെതിരെ ബി.ജെ.പി ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ഗവർണറെ ഭീഷണിപ്പെടുത്തി ഭരണഘടന അട്ടിമറിക്കാനുള്ള സി.പി.എം ഗൂഢാലോചനയ്ക്കെതിരെ 18,19 തീയതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനസർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്.സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുമെന്ന് സി.പി.എം ഭീഷണി മുഴക്കുന്നത്.രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സി.പി.എമ്മിന് വിശ്വാസമില്ല.പാർട്ടി അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരും നിയമവാഴ്ച അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.

തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയറുടേതല്ല കത്തെന്നാണ് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത്.ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് മേയറുടെ ഓഫീസിൽ നിന്നും ഔദ്യോഗിക സീൽ ഉപയോഗിച്ച് കത്തയച്ചയാളെ കണ്ടു പിടിച്ചുകൂടേ.സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയറോട് രാജിവെക്കാനാണ് ഗോവിന്ദൻ ആവശ്യപ്പെടേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.