cpm-flg

തിരുവനന്തപുരം: സർവകലാശാലാ വിഷയങ്ങളിൽ സർക്കാരിനോട് തുറന്ന പോരിനിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഏതറ്റം വരെയും പോകാൻ സംസ്ഥാന സർക്കാരിന് സി.പി.എം സംസ്ഥാന സമിതിയുടെ പച്ചക്കൊടി. ഗവർണറുടെ നിലപാടിനെ നിയമപരമായും ഭരണഘടനാപരമായും സർക്കാരിന് ചോദ്യം ചെയ്യാമെന്നും, സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാന സർക്കാർ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരുന്നത്. ആ അധികാരം ഇനി നൽകേണ്ടതുണ്ടോയെന്നതിൽ, ആവശ്യമാകുമ്പോൾ സർക്കാരിന് സാദ്ധ്യമായ നിയമ നടപടികൾ സ്വീകരിക്കാം. ബില്ലുകൾ അനന്തമായി തടഞ്ഞുവയ്ക്കാനൊന്നും ഗവർണർക്ക് അവകാശമില്ല.ഗവർണറുടെ നിലപാടുകൾക്കെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടവും ശക്തിപ്പെടുത്തും. വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യും. കാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മകളൊരുക്കും.

രാജ്ഭവൻ മാർച്ചിൽ

ഡി.എം.കെ എം.പിയും

ഗവർണർക്കെതിരായ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി 15ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൽ ഡി.എം.കെയുടെ രാജ്യസഭാംഗം തിരുച്ചി ശിവ പങ്കെടുക്കും. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലായിരിക്കും മാർച്ച്. കക്ഷിരാഷ്ട്രീയ പ്രശ്നമെന്നതിനേക്കാൾ കേരളത്തിന്റെ പൊതു പ്രശ്നമാക്കി മാറ്റുന്നതിന്റെ ഭാഗമായാണിത്. ഇതിനായി ഡോ.ബി. ഇക്ബാൽ ചെയർമാനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാർച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് ദേശീയനേതാക്കൾ പങ്കെടുക്കും. രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യമർപ്പിച്ച് ജില്ലകളിലും അന്ന് മാർച്ചും പൊതുസമ്മേളനവും നടത്തും.

സർവകലാശാലകളിൽ മതനിരപേക്ഷത തകർത്ത് സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്കനുകൂലമായ നിലപാടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റേത്. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ കടന്നാക്രമണത്തെ കോൺഗ്രസ് ദേശീയ നേതൃത്വം ശക്തിയായി എതിർക്കുമ്പോൾ, കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും മുൻ പ്രതിപക്ഷനേതാവും ചില എം.പിമാരും ഗവർണർക്കായി വാദിക്കുന്നു. യു.ഡി.എഫിന്റെ ഭാഗമായ മുസ്ലിംലീഗും ആർ.എസ്.പിയും കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ ഭാഗമായ പി. ചിദംബരവും കെ.സി. വേണുഗോപാലും ഇവിടെയുള്ള കെ. മുരളീധരനുമടക്കം വ്യത്യസ്ത നിലപാടെടുക്കുമ്പോഴാണിതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.