
തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ 9 മുതൽ 13 വരെ നടക്കുന്ന ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐ.ഐ.എം.എഫ്) പ്രചാരണാർത്ഥം ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച സൈക്കിൾ ഡിജെയിംഗ് മാനവീയം വീഥിയിൽ നടന്നു. ട്രിവാൻഡ്രം ബൈ സൈക്കിൾ മേയർ പ്രകാശ്.പി.ഗോപിനാഥ് ഫ്ളാഗ് ഓഫ് ചെയ്ത പരിപാടിയിൽ 150ഓളം സൈക്ലിസ്റ്റുകളും റോളർ സ്‌കേറ്റർമാരും പങ്കെടുത്തു. ഇൻഡസ് സൈക്ലിംഗ് എംബസി, ബിയോൺഡ് സെവൻ, സ്‌കേറ്റ് ഡെലിക്സ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ഡി.ജെ രാഹുൽ സൈക്കിളിൽ സഞ്ചരിച്ച് ഡിജെയിംഗ് നടത്തി. ഫ്ളാഗ് ഓഫ് ചടങ്ങിൽ കോട്ടൺഹിൽ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനി എസ്.ആർദ്രാ സുരേഷിന് ക്രാഫ്റ്റ്സ് വില്ലേജ് സൈക്കിൾ സമ്മാനിച്ചു.
കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവമായ ഐ.ഐ.എം.എഫിൽ ഇന്ത്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാൻഡുകൾക്കും ഗായകർക്കുമൊപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും. ലേസീ ഇൻഡീ മാഗസീനിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.