1

പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിലെ ചെക്കിട്ടവിളാകം 12 -ാം വാർഡ് ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ അങ്കം ജയിക്കാൻ മുന്നണികൾ തിരക്കിട്ട പ്രചാരണങ്ങളിൽ. കരുംകുളം രാജൻ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് ഭരണസമിതിയോടുള്ള കടുത്ത എതി‌‌ർപ്പിനെത്തുടർന്നാണ് കോൺഗ്രസുകാരനായ രാജൻ രാജിവച്ചത്. 9ന് നടക്കുന്ന ബൈ ഇലക്ഷനിൽ യു.ഡി.എഫ് സീറ്റ് നിലനിറുത്താനും എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുക്കാനും എൻ.ഡി.എ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുകയുമാണ് ലക്ഷ്യമിടുന്നത്. എൽ.ഡി.എഫ് -10, യു. ഡി. എഫ്-8, എൻ. ഡി. എ-0 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

ഇ.എൽബറി (യു.ഡി.എഫ് )

യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എൽബറി കോൺഗ്രസിന്റെ കന്നിയങ്കക്കാരി. കഴിഞ്ഞ കാലങ്ങളിൽ ആരോഗ്യ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ സജീവ പ്രവർത്തക. മത്സ്യത്തൊഴിലാളികളുടെ ജീവത്തായ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുകളും, വാർഡിലെ യു.ഡി.എഫ് മുന്നേറ്റവും അനുകൂല ഘടകമാകുമെന്നതിൽ വലിയ പ്രതീക്ഷ വച്ചുപുലർത്തുകയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകയായ മത്സരാർത്ഥി. ഭർത്താവ്: ആന്റണി. മക്കൾ: അനൂജ്, അനൂപ്,അപർണ്ണ.

പെൽക്കിസ് മാർട്ടിൻ (എൽ.ഡി.എഫ് )

കന്നി അങ്കക്കാരനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പെൽക്കിസ്. പൊതുപ്രവർത്തകനെന്ന നിലയിൽ ഗ്രാമ പഞ്ചായത്തിൽ സുപരിചിതൻ.പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിദ്ധ്യം. എസ്.എഫ്.ഐ യിലൂടെ സംഘടനാ പ്രവർത്തനരംഗത്ത് പ്രവേശിച്ച അദ്ദേഹം ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ മേഖലകളിൽ 8 വർഷത്തോളം പ്രവർത്തിച്ചു. കരുംകുളം സർവ്വീസ് സഹകരണ സംഘം മുൻ മെമ്പർ, പ്രവാസി സംഘം ഏരിയ ട്രഷറർ, കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് , മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ കാലങ്ങളിൽ നേടിയ സംഘടനാ പ്രവർത്തന മികവും, അനുഭവ സമ്പത്തും മറ്റ് വിഭാഗങ്ങൾക്കിടയിലെ അംഗീകാരവും വിജയ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുകയാണ്. ഭാര്യ: ജീന. മക്കൾ: മിന്നു, നിമ്മി, നിയ.

ഗേളി (എൻ.ഡി.എ)

കന്നിയങ്കത്തിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർത്ഥി ഗേളി ബി.ജെ.പി വനിത മോർച്ചയുടെ സജീവ പ്രവർത്തക. എൻ.ഡി.എയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിലും സമരപരിപാടികളിലും സജീവ പ്രവർത്തകയായിരുന്നതിനാൽ വാർഡിൽ സുപരിചിതയുമാണ്. ഇടത്, വലത് മുന്നണികളെ പരീക്ഷിച്ച് മടുത്ത ജനം എൻ.ഡി.എയെ പിൻതുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഗേളി.

ഫോട്ടോ: 1, എൽബറി.

2, പെൽക്കിസ് മാർട്ടിൻ.

3, ഗേളി.