
തിരുവനന്തപുരം: നഗരസഭയിലെ ദിവസ വേതന ജോലിക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയെന്ന ആരോപണത്തിൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സി.പി.എം.
പിൻവാതിലിലൂടെ ജോലിക്ക് ആളുകളെ തിരുകിക്കയറ്റുന്ന നിലപാട് സി.പി.എമ്മിനോ എൽ.ഡി.എഫിനോ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കത്ത് നൽകുന്ന ഏർപ്പാടും പാർട്ടിക്കില്ല.
കത്ത് താനെഴുതിയതല്ലെന്ന് മേയർ അറിയിച്ചു. അതെങ്ങനെ രൂപപ്പെട്ടുവെന്നറിയാൻ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തരവകുപ്പ് പരിശോധിക്കട്ടെ. 295 പേരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമിക്കുകയെന്ന് തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. മിക്കവാറും നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്താറ്. കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയും, കത്ത് നൽകിയില്ലെന്ന് മേയറും വ്യക്തമാക്കി. വ്യാജക്കത്ത് തയാറാക്കി അയക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അതന്വേഷിച്ച് കണ്ടുപിടിക്കട്ടെ.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കിയ തീരുമാനം മുഖ്യമന്ത്രി മുൻകൈയെടുത്ത് മാറ്റിയിട്ടുണ്ട്. അതിനി അടഞ്ഞ അദ്ധ്യായമാണ്. എൺപത് ശതമാനം പണി കഴിഞ്ഞ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണം. പദ്ധതിക്കെതിരായ സമരം തീർക്കണം. പുനരധിവാസമുൾപ്പെടെ സമരക്കാരുന്നയിക്കുന്ന പ്രശ്നങ്ങൾ അനുഭാവത്തോടെ പരിഗണിക്കും. സമരം ചെയ്യുന്നവരെല്ലാം രാഷ്ട്ര വിരുദ്ധരാണെന്ന സംഘപരിവാറിന്റെ നിലപാടല്ല സി.പി.എമ്മിനെന്നും ഗോവിന്ദൻ പറഞ്ഞു.