തിരുവനന്തപുരം: കക്കൂസ് മാലിന്യം റോഡിലേക്ക് ഒലിച്ചിറങ്ങുന്നതായും അധികൃതർ അവഗണിക്കുന്നതായും മുറിഞ്ഞപാലം ഇല്ലഞ്ഞിമൂട് ലൈൻ നിവാസികളുടെ പരാതി. കഴിഞ്ഞ നാലുവർഷമായി ദുരിതമനുഭവിക്കുകയാണെന്നും മാലിന്യം നിരന്തരമായി റോഡിലൂടെ ഒലിക്കുന്നതിനാൽ റോഡിൽ പായൽ രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്നും നിവാസികൾ പറഞ്ഞു.
കണ്ണമ്മൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ആരോഗ്യപ്രവർത്തകർ പ്രദേശത്ത് പലതവണ സന്ദർശിച്ച് ഡ്രൈനേജ് മാലിന്യം പകർച്ചവ്യാധിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെയും റസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ പലതവണ അധികൃതർക്ക് പരാതി സമർപ്പിച്ചെങ്കിലും അവഗണന തുടരുകയാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.