
നെടുമങ്ങാട്: കൃഷി വകുപ്പിന്റെ കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ നെടുമങ്ങാട് ബ്ലോക്കുതല സംഘാടക സമിതി രൂപീകരണയോഗം നെടുമങ്ങാട് ടൗൺ ഹാളിൽ മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ബ്ലോക്കുകളിലെ കൃഷിയിടങ്ങളിലെത്തി കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡിസംബർ 8മുതൽ 10വരെയാണ് നെടുമങ്ങാട് ബ്ലോക്കിൽ കർഷക സമ്പർക്കപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് ബ്ലോക്കിന് കീഴിലെ മുനിസിപ്പാലിറ്റി,വെമ്പായം,കരകുളം,അരുവിക്കര,പനവൂർ,ആനാട് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ഉന്നത കൃഷി ഓഫീസർമാർ സന്ദർശിക്കും.
കൃഷിക്കൂട്ടങ്ങളുടെ സമ്മേളനവും ഘോഷയാത്രയും നടക്കും. കൃഷിക്കൂട്ടങ്ങളുടെ സംഗമസമ്മേളനത്തിൽ മികച്ച കർഷകരെയും ഉദ്യോഗസ്ഥരെയും ആദരിക്കും. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബൈജു സൈമൺ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,സി.പി.ഐ.എം ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,വൈസ് പ്രസിഡന്റ് പി.വൈശാഖ്,നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യു.ലേഖറാണി,ബീന ജയൻ,കളത്തറ മധു,എസ്.മിനി,എസ്.ശൈലജ,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,കൃഷി അഡീഷണൽ സെക്രട്ടറി സാദിർ ഹുസൈൻ,ഡെപ്യൂട്ടി ഡയറക്ടർ സിന്ധു,അസിസ്റ്റന്റ് ഡയറക്ടർ ഡോ.ജോമി ജോബ് തുടങ്ങിയവർ പങ്കെടുത്തു.