ee

തിരുവനന്തപുരം: കേരളത്തിന്റെ നഗരവികസനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ലോകബാങ്ക് സഹായം ലഭിക്കും. മന്ത്രി എം.ബി. രാജേഷുമായി നടത്തിയ കൂടികാഴ്‌ചയിലാണ് ലോകബാങ്ക് സംഘം ഇക്കാര്യം അറിയിച്ചത്. നിലവിൽ ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയിൽ ലോകബാങ്ക് സംഘം തൃപ്‌തി അറിയിച്ചതിന് പിന്നാലെയാണ് സഹായവാഗ്‌ദാനം.

മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി ഏറ്റെടുക്കുകയാണെന്നും സമയബന്ധിതമായി ഖരമാലിന്യ പരിപാലന പദ്ധതി സംസ്ഥാനം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ലോകബാങ്ക് സംഘത്തലവനും സീനിയർ അർബൻ ഇക്കണോമിസ്റ്റുമായ സിയു ജെറി ചെൻ, സീനിയർ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് തിയറി മാർട്ടിൻ, നഗരകാര്യ എൻജിനിയറിംഗ് വിദഗ്ദ്ധൻ പൂനം അലുവാലിയ ഖാനിജോ, അർബൻ കൺസൾട്ടന്റ് റിദ്ദിമാൻ സാഹാ, സംസ്ഥാന തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ യു.വി. ജോസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കേരള ഖരമാലിന്യ പരിപാലന പദ്ധതി ദക്ഷിണേഷ്യയിലെ ലോകബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ്. നഗരങ്ങൾ കൂടുതൽ വൃത്തിയുള്ളതും ആരോഗ്യപ്രദവുമാക്കുകയാണ് ലക്ഷ്യം. 2,300കോടി രൂപ (30കോടി ഡോളർ) ചെലവഴിച്ച് 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും ആറു വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 10.5 കോടി ഡോളർ വീതം ലോകബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കും നൽകും. ബാക്കി സംസ്ഥാനസർക്കാർ വി​ഹി​തമാണ്.