gst

കേന്ദ്ര ധനമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം- ജി.എസ്.ടി നടപ്പാക്കിയതിലെ സാങ്കേതിക പിഴവുകൾ കാരണം കരാറുകാ‌‌ർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആംനെസ്റ്റി സ്‌കീം നടപ്പാക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കേന്ദ്ര ധനമന്തി നിർമ്മലാ സീതാരാമന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

2017-18, 2018-19 സാമ്പത്തിക വർഷങ്ങളിൽ ജി.എസ്.ടി സോഫ്ട്‌വെയറിലെ അപാകതകളും ഉദ്യോഗസ്ഥർക്ക് പരിശീലനം ഇല്ലാത്തതിന്റെ പ്രശ്നങ്ങളും കണക്ക് സൂക്ഷിക്കുന്നതിലും നികുതി അടയ്‌ക്കുന്നതിലും വീഴ്ചകളുണ്ടാക്കി.

വാറ്റിൽ നിന്ന് ജി.എസ്.ടിയിലേക്ക് മാറ്റപ്പെട്ട പ്രവൃത്തികളുടെ നികുതി ബാധ്യതയിലും അവ്യക്തതയുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ 2017 മുതലുള്ള വർഷങ്ങളിലെ ഓഡിറ്റ് ഇപ്പോൾ നടത്തുന്നതിനാൽ കരാറുകാർക്ക് വലിയ പിഴകൾ ചുമത്തുകയാണ്.

2017 ജൂലൈ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള കണക്കുകൾ സൂക്ഷിക്കുന്നതിലും നികുതി അടയ്‌ക്കുന്നതിലെ കാലതാമസത്തിനും പരിഹാരമുണ്ടാക്കാനാണ് ആംനെസ്റ്റി സ്‌കീം. അസോസിയേഷൻ ഭാരവാഹികളായ വർഗീസ് കണ്ണമ്പള്ളി, കെ. അനിൽകുമാർ , അഷറഫ് കടവിളാകം എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

സർക്കാർ കരാറുകാർക്ക് ബിൽ തുക ലഭിക്കുമ്പോഴാണ് ജി.എസ്.ടി വിഹിതം ലഭിക്കുന്നത്. അതിനാൽ പണി പൂർത്തിയാകുന്ന തീയതി, ഇൻവോയ്സ് നൽകുന്ന തീയതി, ബിൽ തുക ലഭിക്കുന്ന തീയതി എന്നിവയിൽ ആദ്യം സംഭവിക്കുന്ന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ കരാറുകാർ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ബിൽ തുക ലഭിച്ച് ഒരു മാസത്തിനുള്ളിൽ എന്ന വ്യവസ്ഥ മാത്രം നിലനിർത്തുക,

നോട്ടീസുകൾ തപാലിലും അയയ്ക്കുക, റിട്ടേണുകൾ തെറ്റുകൾ തിരുത്തി സമർപ്പിക്കാൻ അവസരം നൽകുക, പലിശ ബാങ്ക് നിരക്കിൽ മാത്രം ഈടാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.