
തിരുവനന്തപുരം: ഫുട്‌ബാൾ താരങ്ങളായ സി.കെ. വിനീതിന്റെയും റിനോ ആന്റോയുടെയും കിക്കോഫോടെ 15 ദിവസം നീളുന്ന ലുലു ഫുട്ബാൾ ലീഗിന് തുടക്കമായി. ട്രാവൻകൂർ റോയൽസ് ഫുട്ബാൾ ക്ലബുമായി ചേർന്ന് നടത്തുന്ന ലീഗിൽ 32 ടീമുകളാണ് മാറ്റുരയ്‌ക്കുക.
മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിൽ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജ് എന്നിവർ ചേർന്ന് ലുലു ഫുട്ബാൾ ലീഗ് ട്രോഫി പ്രകാശനം ചെയ്‌തു. രഘുചന്ദ്രൻ നായർ മാച്ച് ബാൾ ലുലു മാൾ ചീഫ് എൻജിനിയർ സുദീപിനും ട്രാവൻകൂർ റോയൽസ് ഫുട്ബാൾ ക്ലബിനുമായി കൈമാറി. ലീഗിന് മുന്നോടിയായി മാളിന്റെ നേതൃത്വത്തിൽ ഓപ്പൺ അരീനയിലൊരുക്കിയ ലുലു എസ്റ്റേഡിയോ ടർഫിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജ് നിർവഹിച്ചു. ലീഗ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തിൽ കേരള പത്രപ്രവർത്തക യൂണിയന്റെ ടീമായ കേസരി എഫ്.സിയും മഞ്ഞപ്പട എഫ്.സിയും ഏറ്റുമുട്ടി. ലീഗിലെ വിജയികൾക്ക് ഒരുലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക. നവംബർ 20നാണ് ഫൈനൽ.