
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ പലവിധ പരിശോധനകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വില മേലോട്ടുതന്നെ. അതിനിടെ ഹോട്ടലുകളിലും വില തോന്നുംപടി വർദ്ധിപ്പിച്ചു. ചിലയിനം പച്ചക്കറികൾക്കും ചിക്കനും വില വർദ്ധിച്ചതോടെയാണ് ഹോട്ടലുകാരും നിരക്ക് കൂട്ടിയത്.
ജയ എന്ന പേരിൽ വിൽക്കുന്ന ആന്ധ്ര വെള്ളഅരി, മട്ട അരി എന്നിവയ്ക്കു മാത്രമല്ല, പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചു കയറുകയാണ്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ പലവ്യഞ്ജനത്തിന് 50 ശതമാനത്തിലേറെയാണ് വില കൂടിയത്. 1000 രൂപയ്ക്കു വീട്ടുസാധനങ്ങൾ വാങ്ങിയിരുന്നവർ 1500 മുതൽ 2000 വരെ നൽകേണ്ട സ്ഥിതി. എല്ലാത്തരക്കാരുടെയും കുടുംബ ബഡ്ജറ്റാകെ താളം തെറ്റി. വറ്റൽ മുളകിനു ഇന്നു കാണുന്ന വിലയല്ല നാളെ. ആറു മാസം മുമ്പ് കിലോഗ്രാമിന് 150 രൂപയായിരുന്ന വറ്റൽമുളകിന് 310 മുതൽ 350 രൂപവരെയാണ്.
മുളകുപൊടിയുടെ വിലയും മത്സരിച്ചു കൂട്ടുന്നു. 250 ഗ്രാമിന് 55 രൂപയായിരുന്ന മുളകുപൊടി 120 ലെത്തി. ജീരകത്തിനും പെരുംജീരകത്തിനും വില ഇരട്ടിയായി. സോപ്പ്, ബിസ്‌കറ്റ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയ്ക്കും ഉത്പാദകരും വിതരണക്കാരും വില കൂട്ടി.
ചെറുകിട ഊണിന് 100
40 രൂപ മുതൽ 80 രൂപ വരെയായിരുന്നു സാധാരണ ഊണിന്റെ വില. ഇപ്പോഴത് 60 മുതൽ 100 രൂപവരെയായി. ചിക്കന് 90 രൂപയിൽ നിന്നു 140ലെത്തി. വില വർദ്ധിച്ചപ്പോൾ ഹോട്ടലുകളിൽ വില്പന കുറഞ്ഞു. സാധാരണക്കാരന്റെ കൈയിൽ പണമില്ലാത്തതുതന്നെ കാരണം.
എല്ലാത്തിനും വില കൂടി. പിന്നെങ്ങനെ വില വർദ്ധിപ്പിക്കാതിരിക്കുമെന്നാണ് ഹോട്ടലുടമകൾ ചോദിക്കുന്നത്.
പാം ഓയിൽ 95 രൂപയിൽ നിന്ന് 120 ആയി. വെളിച്ചെണ്ണയ്ക്കു മാത്രമാണ് വർദ്ധനയില്ലാത്തത്.
സപ്ലൈകോയും കണ്ണുരുട്ടുന്നു
വില വർദ്ധന ഇത്രത്തോളമെത്തിയിട്ടും സപ്ലൈകോയ്ക്ക് കാര്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടില്ല. മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിനെ തുടർന്ന് ആരംഭിച്ച അരിവണ്ടി പദ്ധതി സാധാരണക്കാർക്ക് ആശ്വാസമാണ്.
സംസ്ഥാനത്ത് 93 ലക്ഷം റേഷൻ കാർഡുടമകളാണുള്ളത്. ഇതിന്റെ 10 ശതമാനത്തോളം കാർഡുടമകൾക്കുള്ള സാധനങ്ങളേ ഇപ്പോൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നുള്ളൂ. മൂന്നിനം അരി ഉൾപ്പെടെ 13 ഇനം ഭക്ഷ്യവസ്തുക്കളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. അരി കാർഡൊന്നിന് അഞ്ച് കിലോഗ്രാം നൽകിയിരുന്നത് ഇപ്പോൾ 2 കിലോഗ്രാം മാത്രമായി. മറ്റ് സബ്സിഡി സാധനങ്ങളും പരിമിതമായ അളവിലാണ് നൽകുന്നത്.
വിലവിവര പട്ടിക
വിലയുടെ കുതിപ്പ്
സാധനം (കിലോ)കഴിഞ്ഞ മാസം ഇന്നലെ (രൂപയിൽ)
ചെറിയ ഉള്ളി 40--------- 95-102
സവാള 19-------- 38-40
വെണ്ടയ്ക്ക---- 20------- 38-42
കത്തിരിക്ക --- 20 -------40-50
അച്ചിങ്ങപ്പയറ്-- 20------50- 55.
വറ്റൽ മുളക് 250----- 300-350
ജീരകം ----------400-------570- 590
ഉലുവ ----------- 150 ----- 180-200