12

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കം സഞ്ചരിക്കുന്ന ചാല ഗവൺമെന്റ് സ്‌കൂളിന് സമീപത്തെ നടപ്പാത തകർന്നിട്ട് നടപടിയെടുക്കാതെ അധികൃതർ. ഓടയ്ക്ക് മുകളിലെ സ്ലാബുകൾ തകർന്ന് അപകടാവസ്ഥയിലാണ്. ഇതിലൂടെയാണ് സ്കൂളിലെ വിദ്യാർത്ഥികളടക്കമുള്ളവരുടെ സാഹസിക യാത്ര.

കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപ്പാസിൽ ചാല ബോയ്സ് സ്കൂളിന് മുന്നിലെയും അതിന് സമീപത്തെ നടപ്പാതയും ഇതേ സ്ഥിതിയിലാണ്. വിദ്യാർത്ഥികളുടെ കണ്ണൊന്ന് തെറ്റിയാൽ കുഴിയിൽ വീഴുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇതുപോലൊരു തകർന്ന ഓടയ്ക്കുള്ളിലാണ് കുട്ടി വീണ് അപകടം പറ്റിയത്.

മഴക്കാലമായാൽ ഓടയുടെ പുറത്തു കൂടിയാണ് മഴ വെള്ളമൊഴുകുന്നത്. മാലിന്യം വന്ന് നിറഞ്ഞ് മിക്ക ഓടകളും ഒഴുക്ക് നിലച്ച് മലിനവെള്ളം കെട്ടിക്കിടക്കുകയാണ്.

പല ഓടകളും തകർന്ന് വീഴാറായ അവസ്ഥയിലുമാണ്. കൃത്യമായ മഴക്കാല ശുചീകരണമോ മറ്റോ ഇവിടെ നടക്കുന്നില്ലെന്നാണ് ആക്ഷേപം.

രാത്രികാലങ്ങളിലും ആളുകൾ നടക്കുന്ന വഴിയാണിത്. പല സ്ഥലങ്ങളിലും തെരുവ് വിളക്ക് കത്താത്ത സാഹചര്യത്തിൽ കാൽനടക്കാർ തകർന്ന് കിടക്കുന്ന ഓടയിൽ വീണ് അപകടം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.കുറച്ച് നാൾ മുൻപ് ഒരാൾ ഓടയിൽ വീണ് അപകടമുണ്ടായിട്ട് പോലും ഇതിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.

ഓടകളുടെ ശോചീയാവസ്ഥ വാർഡിലെ കൗൺസിലർ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഓട നവീകരിക്കാത്ത പക്ഷം പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.