p

തിരുവനന്തപുരം: വണിക വൈശ്യ സമുദായം പോലെ പാർശ്വവത്ക്കരിക്കപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുവേണ്ടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. വണിക വൈശ്യ സംഘത്തിന്റെ നേതൃത്വത്തിൽ പാളയത്ത് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടത്തിയ അവാർഡ് ദാനവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വണികവൈശ്യ സമുദായാംഗങ്ങളുമായി ഇടപെടാനും സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കോളേജുകളുടെ പ്രവർത്തനങ്ങൾ നോക്കി കാണാനും കഴിഞ്ഞിട്ടുണ്ട്. സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സംഘം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സംഘത്തിന്റെ നേതൃത്വത്തിലുള്ള കോളേജുകൾ ഡൊണേഷനോ ക്യാപ്പിറ്റേഷനോ വാങ്ങാതെയാണ് നടത്തിക്കൊണ്ടു പോകുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി. ആർ.അനിൽ അവാർഡ് ദാനം നടത്തി. സംഘം പ്രസിഡന്റ് എസ് കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ രാമസ്വാമി ചെട്ടിയാർ ലഹരി വിരുദ്ധ സന്ദേശം നൽകി. സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഉമാപുരുഷോത്തമൻ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു.

ജനറൽ സെക്രട്ടറി എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ, സംഘം നേതാക്കളായ രാമചന്ദ്രൻ ചെട്ടിയാർ, എസ്. തങ്കപ്പൻ ചെട്ടിയാർ, എ. മണികണ്ഠൻ, സി.വി. ഹരിലാൽ, എൽ. രത്നമ്മാൾ, പ്രൊഫ. എ. ഗോപാലകൃഷ്‌ണൻ ചെട്ടിയാർ, എ. വിനോദ് രാജ്, എം. ജി. മഞ്ചേഷ് ശ്രീരംഗൻ, എ. ജി. ശിവരാമൻ ചെട്ടിയാർ, പി.കെ.ചെല്ലപ്പൻ ചെട്ടിയാർ, എം.ജി. നടരാജൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, മെഡിക്കൽ, എൻജിനീയറിംഗ്, എൻട്രൻസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ 600 പേരെ ആദരിച്ചു.