arya-rajendran

തിരുവനന്തപുരം:നഗരസഭയിലെ താത്ക്കാലിക ഒഴിവുകളിൽ നിയമനത്തിന് പട്ടിക തേടി സി.പി.എം ജില്ലാ സെക്രട്ടറിക്ക് താൻ കത്തെഴുതിയിട്ടില്ലെന്നും, നേരിട്ടോ അല്ലാതെയോ അത്തരമോരു കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും

മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

കത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.. വേറെ ആരെങ്കിലും ബോധപൂർവ്വം ഇതിന് ശ്രമം നടത്തിയതാണോയെന്നും അന്വേഷിക്കണം.താനില്ലാത്ത സമയങ്ങളിൽ പകരമായി ആരും കത്ത് തയ്യാറാക്കി നൽകാറില്ല.കുറച്ച് നാളുകൾക്ക് മുൻപ് തൃശൂർ കിലെയിൽ ആയിരുന്നപ്പോൾ മാത്രമാണ് ഒരു കത്തിൽ ഒപ്പിട്ടത്. തന്റെ പേഴ്സണൽ മെയിലിലേയ്ക്ക് അയച്ചത് പ്രിന്റൗട്ടെടുത്ത് ഒപ്പിട്ട് നൽകി.കത്ത് വ്യാജമാണോയെന്ന് അന്വേഷണ ശേഷം പറയാം.മേയറായത് മുതൽ തുടർച്ചയായി തന്നെ ബോധപൂർവ്വം പിന്തുടർന്ന് ആക്രമിക്കുന്നുണ്ട്.എന്തിനും ചാടിക്കയറി പ്രതികരിക്കുന്ന സ്വഭാവമില്ല.ആരോപണങ്ങൾ പഠിച്ച് അതിന്റെ വസ്തുത മനസിലാക്കി പ്രതികരിക്കാമെന്ന് വിചാരിച്ചത് കൊണ്ടാണ് പ്രതികരണം വൈകിയത്.

വിഷയത്തിൽ ഒളിച്ചുകളിക്കേണ്ട ആവശ്യം തനിക്കില്ല. വിഷയം അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

കത്തുപയോഗിച്ച് വ്യക്തിപരമായും അല്ലാതെയും ചില ആളുകൾ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ,അതിൽ അന്വേഷണമുണ്ടാവണമെന്നും അഭ്യർത്ഥിച്ചാണ് പരാതി നൽകിയത്. കത്ത് ബോധപൂർവം നിർമിച്ചതാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയേ കണ്ടെത്താനാവൂ. സമഗ്രമായ അന്വേഷണം വേണം.തന്റെ ഓഫീസിനെ താൻ സംശയിക്കുന്നുവെന്ന് പ്രചരിക്കുന്നത് തെറ്റാണ്. അങ്ങനെയൊരാളെയും സംശയിക്കേണ്ട കാര്യമില്ല.നഗരസഭയിലെ ജീവനക്കാർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കൂടെ പ്രവർത്തിക്കുന്നവരാണ്. നേരത്തേ ചില ജീവനക്കാർ തെറ്റ് കാണിച്ചപ്പോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയൊരു പ്രവൃത്തി ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസം. എന്നാലിതും അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാനാവൂ-മേയർ പറഞ്ഞു.