തിരുവനന്തപുരം: നഗരസഭയിലെ നിയമനങ്ങൾ സംബന്ധിച്ച് ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി കൗൺസിലർമാർ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് പരാതി നൽകും. നഗരസഭയിലെ 35 കൗൺസിലർമാരും ഒരുമിച്ചാണ് ഗവർണറെ കാണുന്നത്. അനധികൃത നിയമനങ്ങളിൽ ഗവർണർ കൃത്യമായി ഇടപെടുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ വിഷയത്തിൽ ഗവർണറെ കാണുന്നത്.

പരാതി സമർപ്പിക്കുന്നതിനൊപ്പം നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ അന്വേഷണ പുരോഗതി എങ്ങുമെത്തിയില്ലെന്നും ഗവർണറോട് വിശദീകരിക്കും. നഗരസഭയിലെ വാഹനങ്ങൾ അപ്രത്യക്ഷമാകുന്നതും ഇല്ലാത്ത വാഹനങ്ങളുടെ പേരിൽ ഇൻഷ്വറൻസ് തുക അടയ്ക്കുന്നതുമുൾപ്പെടെമുള്ള പരാതികൾ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും തദ്ദേശ വകുപ്പിന്റെയും മുന്നിലുണ്ട്. ഇക്കാര്യങ്ങളിലും ഗവർണറുടെ ഇടപെടൽ സാദ്ധ്യമാക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ബി.ജെ.പിയുടെ നീക്കം.

അവസരം മുതലാക്കാൻ പ്രതിപക്ഷം

നഗരസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് മുഖ്യപ്രതിപക്ഷമായ ബി.ജെ.പി ശ്രമിക്കുന്നത്. ധ‌ർണയും പ്രതിഷേധ പരിപാടികളും നടത്താൻ യു.ഡി.എഫും ആസൂത്രണം ചെയ്യുന്നുണ്ട്. മേയർക്കെതിരായ ആരോപണങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ സമരപരമ്പര ആരംഭിക്കാനാണ് ബി.ജെ.പി തീരുമാനം. യുവമോർച്ച,​ മഹിളാ മോർച്ച എന്നിവരെയും ഉൾപ്പെടുത്തി സമരം നടത്തും. യൂത്ത് കോൺഗ്രസ്, ഡി.സി.സി കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടത്താനാണ് യു.ഡി.എഫിന്റെ തീരുമാനം.

കത്തെഴുതിയത് താനല്ലെന്ന മേയറുടെ

നിലപാട് ആശങ്ക വർദ്ധിപ്പിക്കുന്നു: വി.വി. രാജേഷ്

നിയമന വിവാദങ്ങളിൽ നിന്ന് തലയൂരുന്നതിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയത് താനല്ലെന്ന മേയറുടെ നിലപാട് പൊതുസമൂഹത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. ഇത്തരത്തിലൊരു നിലപാടു സ്വീകരിക്കുന്നതിലൂടെ മേയറുടെ ഓഫീസ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് അവർ തന്നെ സമ്മതിക്കുകയാണ്. നഗരസഭയിൽ ഒഴിവുകൾ വന്നാൽ അത്തരമൊരു കത്ത് പാർട്ടി സെക്രട്ടറിക്ക് നൽകുന്നത് സ്വാഭാവികമാണെന്നാണ് വിവാദം പുറത്ത് വന്നയുടൻ മുൻ മേയർ പ്രതികരിച്ചതെന്നും രാജേഷ് പറഞ്ഞു.