cpi

തിരുവനന്തപുരം: സി.പി.ഐയുടെ പുതിയ സംസ്ഥാന നിർവാഹക സമിതിയെയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക സംസ്ഥാന കൗൺസിൽ യോഗം നാളെയും മറ്റന്നാളും ചേരും. സംസ്ഥാനസമ്മേളനം തിരഞ്ഞെടുത്ത കൗൺസിലിന്റെ ആദ്യ യോഗമാണ് നാളെ തുടങ്ങുന്നത്.

പ്രായപരിധി നിബന്ധനയുടെ പേരിൽ പാർട്ടി ഘടകങ്ങളിൽ നിന്നൊഴിവാക്കപ്പെട്ട മുതിർന്ന നേതാക്കൾക്കുള്ള ചുമതലകൾ നാളെ തുടങ്ങുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്നാണറിയുന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായിരുന്ന കെ. പ്രകാശ് ബാബുവും സത്യൻ മൊകേരിയും മാറും. പ്രകാശ്ബാബുവിനെ ദേശീയ നിർവാഹകസമിതിയിലേക്കും സത്യൻ മൊകേരിയെ ദേശീയ കൺട്രോൾകമ്മിഷനിലേക്കും വിജയവാഡ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാരായി പി.പി. സുനീർ, മുല്ലക്കര രത്നാകരൻ എന്നീ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. സുനീറിന്റെ കാര്യം ഏറക്കുറെ ഉറപ്പാണ്.