തിരുവനന്തപുരം : വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച കേസിലെ പ്രതി സന്തോഷിനെ ഇന്നലെ രാവിലെ മ്യൂസിയത്തെത്തിച്ച് തെളിവെടുത്തു. ഡോക്ടറെ ആക്രമിച്ച സ്ഥലത്തും അതിനുശേഷം ഇയാൾ ഒളിച്ചിരുന്ന പ്രദേശത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചകഴിഞ്ഞും നീണ്ടു. സന്തോഷ് കാർ പാർക്ക് ചെയ്ത സ്ഥലം, അവിടെനിന്ന് നടന്ന് മ്യൂസിയത്തിനുള്ളിൽ കയറിയ സ്ഥലം എന്നിവിടങ്ങളിലുമെത്തിച്ചു. തെളിവെടുപ്പിന് ശേഷം സന്തോഷിനെ കന്റോൺമെന്റ് എ.സി ഓഫീസിലേക്ക് കൊണ്ടുപോയി. അന്വേഷണ സംഘത്തിന്റെ ടീം ലീഡറായ കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിൽ ആദ്യഘട്ട ചോദ്യംചെയ്യൽ നടത്തി.
സന്തോഷ് രൂപമാറ്റം വരുത്തിയ സ്ഥലത്തും സാദ്ധ്യമായാൽ പൊലീസ് തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ട് സന്തോഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. അതേസമയം കുറവൻകോണം കേസിൽ സന്തോഷിനെ കസ്റ്റഡിയിൽ ലഭിക്കാൻ പേരൂർക്കട പൊലീസ് ഇന്ന് അപേക്ഷ നൽകും. കുറവൻകോണത്ത് വീട്ടിൽ കയറിയതും പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലുമാണ് ഇയാളെ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. മ്യൂസിയം പരിസരത്തെ വനിതാ ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ആ പരിസരങ്ങളിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള പരിശോധനയിലാണ് പേരൂർക്കടയിൽ പെൺകുട്ടിയെ ആക്രമിച്ചത് ഇയാളാണെന്ന് വ്യക്തമായത്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്ന സന്തോഷിനെ അറസ്റ്റിലായതോടെ പിരിച്ചുവിട്ടിരുന്നു.