കല്ലമ്പലം : ചെമ്മരുതിയിൽ വീടുകളിൽ മോഷണവും മോഷണ ശ്രമവും നടന്നു. മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. ചെമ്മരുതി സ്വദേശി ശാന്തകുമാരി അമ്മയുടെ കുന്നത്തു കൊണത്ത് വീട്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ മോഷണം നടന്നതാണ് ഒടുവിലത്തെ സംഭവം. അസുഖ ബാധിതയായ ശാന്തകുമാരി മകൾക്കൊപ്പം കഴിയുന്നതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച തൊഴിലുറപ്പ് തൊഴിലാളികൾ ഈ വീട് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്നുള്ള പരിശോധനയിൽ ഗൃഹോപകരണങ്ങൾ, ടി.വി , കിണറ്റിലെ മോട്ടർ അടക്കം 5 ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങൾ നഷ്ടമായതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ രണ്ട് പേരെ പിടികൂടിയെങ്കിലും മോഷണത്തിലെ ഇവരുടെ പങ്ക് തെളിയിക്കാനായിട്ടില്ല. തൊട്ടടുത്ത ദിവസം സമീപ വാസിയായ ലിസിയുടെ വീടിന്റെ വാതിലിലും അജ്ഞാതർ മുട്ടി. വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ ആരോ ഓടി മറഞ്ഞതായും പരാതി നിലനിൽക്കുന്നു . കഴിഞ്ഞ ഒന്നരമാസമായി പല വീടുകളിലും കതകിൽ മുട്ടുന്നത് പതിവാണ്. ആട്, കോഴി എന്നിവയും മോഷണം പോകുന്നുണ്ട്.