വിതുര: പുലിപ്പേടിയിലകപ്പെട്ട് വീണ്ടും വിതുര. ഒരാഴ്ചയ്ക്കിടെ പഞ്ചായത്തിലെ ജനവാസമേഖലയിൽ രണ്ട് തവണയാണ് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് അരക്കിലോമീറ്റർ ദൂരെ വിതുര വാ‌ർഡിലെ താവയ്ക്കൽ മേഖലയിലാണ് പ്രദേശവാസികൾ പുലിയെ കണ്ടതായി പറയുന്നത്. വിതുര മേഖലയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ശക്തമായ മഴ പെയ്തതിനിടെയാണ് താവയ്ക്കൽ പൗൾട്രി ഫാമിന് സമീപം പുലി എത്തിയത്. ആളനക്കം കേട്ടതോടേ പുലി ഓടി പോയതായി നാട്ടുകാർ അറിയിച്ചു. പൊൻമുടിയിലും രണ്ടുതവണ പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. പലദിവസങ്ങളിലായി പൊൻമുടി യാത്രയ്ക്കിടയിൽ ടൂറിസ്റ്റുകളും പുലിയെ കണ്ടതായി പറയുന്നു. പൊൻമുടി ഗവൺമെന്റ് യു.പി സ്കൂളിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് സ്കൂൾ അധികൃതരും, വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ ഭയപ്പാടിലാണ്. പുലിക്ക് പുറമെ കരടിയും,കാട്ടുപോത്തും,ആനയും സ്കൂൾ പരിസരത്ത് ഭീതിപരത്തി വിഹരിക്കാറുണ്ടെന്നും പരാതി ഉയരുന്നുണ്ട്. പൊൻമുടി അഞ്ചാം വളവ് മുതലും പുലിയുടെ സാന്നിദ്ധ്യം രൂക്ഷമാണ്. തുടർച്ചയായി പുലിയെ കണ്ടതോടെ ജനം ഭീതിയിലാണ്. പുലിഇറങ്ങിയെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് വനപാലകരും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അറിയിച്ചു.


 ഭീതിയിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളും

താവയ്ക്കൽ പ്രദേശത്തെ അതിമനോഹരമായ വെള്ളച്ചാട്ടം കാണാൻ ധാരാളം ടൂറിസ്റ്റുകളാണ് എത്താറുള്ളത്. വിനോദസഞ്ചാരികൾക്ക് സംരക്ഷണം ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പുലിയെ പിടികൂടാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. എന്നാൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്. താവയ്ക്കൽ മേഖലയിലുള്ള എസ്റ്റേറ്റിൽ കാട്ടുപോത്തുകൾ തമ്പടിച്ചിട്ട് മാസങ്ങളേറെയായി. എസ്റ്റേറ്റ് തൊഴിലാളിയും കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്. തോട്ടത്തിൽ നിന്നും കാട്ടുപോത്തുകൾ ജനവാസമേഖലയിൽ ഇറങ്ങി ആക്രമണം നടത്തുകയും, ഭീതി പരത്തുകയും ചെയ്യുന്നുണ്ട്. നേരത്തെ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലും പരിസരത്തുമായി പുലിയെ കണ്ടിരുന്നു.

 പുലിക്കെണി ഫലം കണ്ടില്ല

പൊൻമുടി ഏഴാംവളവിന് സമീപം പുലി ഒരു കേഴയെ ഓടിച്ച് കൊണ്ട് ടൂറിസ്റ്റുകളുടെ മുന്നിൽ എത്തിയതിനെ തുടർന്ന് ടൂറിസ്റ്റുകൾ പേടിക്കുകയും ഉടൻ കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു. കുരങ്ങനെ പിടിക്കാൻ വൈദ്യുതി പോസ്റ്റിൽ കയറിയ പുലി അടുത്തിടെ ഷോക്കേറ്റ് ചത്തിരുന്നു. മരുതാമല അടിപറമ്പ് ജഴ്സിഫാമിലും പുലി ഇറങ്ങി ഭീതി പരത്തിയിരുന്നു. പ്രദേശത്തുണ്ടായിരുന്ന തെരുവ് നായ്ക്കളെ മുഴുവൻ പുലി കൊന്നുതിന്നിരുന്നു. തുടർച്ചയായി പുലി എത്തുന്നതായി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്ന് വനപാലകരെത്തി പരിശോധന നടത്തി. പുലിയെ പിടിക്കാൻ ജഴ്സിഫാമിലെ വിവിധ മേഖലകളിൽ കാമറകൾ സ്ഥാപിക്കുകയും കെണി ഒരുക്കുകയും ചെയ്തിരുന്നു. ഒരാഴ്ച പരിശ്രമം നടത്തിയെങ്കിലും പുലിയെ പിടിക്കാൻ സാധിച്ചില്ല.അടുത്തിടെ കല്ലാർമൊട്ടമൂട് മേഖലയിലും പുലിയിറങ്ങി വളർത്തുനായ്ക്കളെ പിടികൂടി കൊണ്ടുപോയിരുന്നു. ചാത്തൻകോട് ചെമ്മാംകാല ആദിവാസി മേഖലയിൽ ഒരു യുവാവിന്റെ കൈ പുലി കടിച്ചുമുറിച്ച സംഭവവുമുണ്ടായിട്ടുണ്ട്.