
"തലസ്ഥാനജില്ലയിലെ പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന് പറയാനാവില്ല. എന്നാൽ ചില തുരുത്തുകളുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതൊരു തരത്തിലും അംഗീകരിക്കില്ല. ഫേസ്ബുക്കിൽ ആളെ കൂട്ടുന്നതാണ് സംഘടനാ പ്രവർത്തനമെന്ന് ചിലർ കരുതുന്നുണ്ട്. അതല്ല സംഘടനാപ്രവർത്തനം"- കഴിഞ്ഞ ജനുവരിയിൽ പാറശാലയിൽ നടന്ന സി.പി.എമ്മിന്റെ ജില്ലാസമ്മേളനത്തിൽ ഉദ്ഘാടനച്ചടങ്ങിന് ശേഷം പ്രതിനിധികളെ മാത്രമായി അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മുന്നറിയിപ്പാണിത്.
തലസ്ഥാന ജില്ലയിലെ സി.പി.എം സംഘടനാപരമായി ഏറെ ശക്തിപ്പെട്ട് നിൽക്കുന്ന സന്ദർഭമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനാലിൽ പതിമൂന്ന് സീറ്റുകളും ഇടതുമുന്നണി നേടിയത് ആ സംഘടനാ കെട്ടുറപ്പിന്റെ ബലത്തിലാണ്. തലസ്ഥാനജില്ല എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി തുണയ്ക്കുന്ന പ്രവണതയാണ് മുൻകാലങ്ങളിൽ കാണിച്ചിരുന്നത്. 2016ൽ ഇടതിന് കിട്ടിയ മേൽക്കൈ വർദ്ധിതവീര്യത്തോടെ 2021ൽ ആവർത്തിച്ചതിന്റെ കൂടി ഫലമായിരുന്നു ഇടത് തുടർഭരണം.
എന്നാൽ, സി.പി.എമ്മിൽ എല്ലാം ശുഭകരമാണോ? അതല്ലെന്നുള്ള ഉറച്ച ബോദ്ധ്യത്താലാണ് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയതെന്ന് കരുതണം. വി.എസ്- പിണറായി വിഭാഗീയത സി.പി.എമ്മിൽ അതിന്റെ മൂർദ്ധന്യദശയിൽ നിന്നിരുന്ന കാലത്താണ് ജില്ലാ സി.പി.എമ്മിനകത്തും ശക്തമായ ചേരിതിരിവുണ്ടായിരുന്നത്. ഇന്നത് വേറെ രൂപത്തിലേക്ക് മാറി. പ്രത്യക്ഷ വിഭാഗീയത ഇന്നിപ്പോൾ പാർട്ടിയിൽ എവിടെയും പ്രകടമല്ല. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതുപോലുള്ള ചില തുരുത്തുകളുണ്ട് പാർട്ടിയിൽ. ജില്ലാ നേതൃനിരയിൽ തന്നെ അത് പ്രകടമാണ്. പുറമേ കാണിക്കുന്നില്ലെന്ന് മാത്രം. ഏറ്റവുമൊടുവിൽ തലസ്ഥാന കോർപ്പറേഷനിൽ പുകയുന്ന കത്ത് വിവാദം ഇതിന്റെ ബഹിർസ്ഫുരണമായി തലസ്ഥാനത്തെ സി.പി.എമ്മുകാർ പലരും കരുതുന്നു. 'ഡെന്മാർക്കി'ൽ എന്തോ ചീഞ്ഞുനാറുന്നില്ലേ!
കോർപ്പറേഷനും
വിഭാഗീയതയും
തലസ്ഥാന കോർപ്പറേഷനിൽ സി.പി.എം കഴിഞ്ഞാൽ ബി.ജെ.പിയാണിപ്പോൾ യു.ഡി.എഫിനേക്കാളും വലിയ ശക്തി. തുടർച്ചയായി ഇടതുമുന്നണി മാത്രം ജയിച്ചുകൊണ്ടിരിക്കുന്ന തലസ്ഥാന കോർപ്പറേഷനിലെ മുഖ്യപ്രതിപക്ഷസ്ഥാനത്തേക്ക് 2015 ലാണ് ആദ്യമായി ബി.ജെ.പി കയറിവരുന്നത്. യു.ഡി.എഫിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട്. ആ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെയും സി.പി.എമ്മിനെയും ബി.ജെ.പി ശരിക്കും വിറപ്പിച്ചുകളഞ്ഞു. യു.ഡി.എഫ് നാമാവശേഷമായി. ഞാണിന്മേൽ കളിപോലെ ഭരണം അഞ്ചുവർഷം സി.പി.എമ്മിനും ഇടതുമുന്നണിക്കും കൊണ്ടുപോകേണ്ടി വന്നു. ചെറുപ്പക്കാരനായ മേയറെ പരീക്ഷിച്ച് ജനപ്രിയത കൈവരിക്കുകയെന്ന തന്ത്രം സി.പി.എം ആവിഷ്കരിച്ചത് അത്തവണയായിരുന്നു. ജൂനിയറായ വി.കെ. പ്രശാന്തിനെ സി.പി.എം മേയറാക്കി. 2018ലെ പ്രളയകാലത്തും മറ്റും പ്രശാന്തിന്റെ നേതൃത്വത്തിലേറ്റെടുത്ത സന്നദ്ധപ്രവർത്തനം അദ്ദേഹത്തിന് മേയർ ബ്രോ എന്ന പരിവേഷം ചാർത്തിക്കൊടുത്തു.
പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലെ കെ. മുരളീധരൻ വടകരയിൽ നിന്ന് എം.പിയായി ജയിച്ച് പോയപ്പോൾ വട്ടിയൂർക്കാവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണത്തിലൂടെ നേടിയെടുത്ത പ്രതിച്ഛായയിൽ വി.കെ. പ്രശാന്ത് വിജയിച്ചുകയറി.
2020 ഡിസംബറിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പായപ്പോഴേക്കും ജില്ലയിൽ സി.പി.എം വീര്യം തിരിച്ചുപിടിച്ചു. 2016ൽ സംസ്ഥാന ഭരണത്തിലേറിയതിന്റെ ആനുകൂല്യവും തുണയായിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായ ഒഴിവിലേക്ക് ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി. അദ്ദേഹത്തിന്റെ സംഘാടകമികവാണ് തുടർച്ചയായ വിജയങ്ങളിലൂടെ പ്രകീർത്തിക്കപ്പെട്ടത്. തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയവും ആനാവൂരിനെ സംസ്ഥാന നേതൃത്വത്തിന്റെ പ്രിയപ്പെട്ടവനാക്കി. എന്നിരുന്നാലും ജില്ലാ നേതൃത്വത്തിൽ അങ്ങിങ്ങായി തുടരുന്ന വിഭാഗീയമായ അസ്വസ്ഥതകൾ ആരും കാണാതിരുന്നുമില്ല. സി.പി.എമ്മിനകത്ത് ജില്ലാ നേതാക്കൾക്കിടയിൽ പല തുരുത്തുകളാണ് എന്നത് പരസ്യമായ രഹസ്യമാണ്. ആനാവൂർ നാഗപ്പനും വി. ശിവൻകുട്ടിയും മറ്റും ഒരു വശത്തും കടകംപള്ളി, എം.വിജയകുമാർ തുടങ്ങിയവരൊക്കെ വേറെ വശത്തും കോലിയക്കോട് കൃഷ്ണൻനായരുടെ വേറെ വശവുമൊക്കെയായിട്ടാണ് കാര്യങ്ങളുടെ പോക്ക്. ഇവരെയെല്ലാം ചുറ്രിപ്പറ്റി ഉപഗ്രഹനേതാക്കൾ വേറെയും. ഇതൊക്കെയാണ് മുഖ്യമന്ത്രിയെക്കൊണ്ട് തുരുത്ത് പ്രയോഗം നടത്തിച്ചതും.
കോർപ്പറേഷനിൽ പാർലമെന്ററി പാർട്ടിക്കകത്ത് കാണുന്നതും ഈ വിഭാഗീയതയുടെ അനുരണനങ്ങളാണെന്നാണ് അടക്കം പറച്ചിൽ. പ്രശാന്തിലൂടെ വിജയിച്ച പരീക്ഷണം ആവർത്തിക്കാനാണ് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ ഗംഭീരവിജയത്തിന് ശേഷം തലസ്ഥാനത്തെ സി.പി.എം ശ്രമിച്ചത്. അങ്ങനെയാണ് ഏറ്റവും ജൂനിയറും കോളേജ് വിദ്യാർത്ഥിനിയുമായ മുടവൻമുഗൾ വാർഡ് കൗൺസിലർ ആര്യ രാജേന്ദ്രനെ മേയറായി നിശ്ചയിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ മേയറെ തിരഞ്ഞെടുത്ത സി.പി.എം തീരുമാനം അന്നേറെ കൊട്ടിഘോഷിക്കപ്പെട്ടു. എന്നാൽ പിന്നീടിങ്ങോട്ട് കോർപ്പറേഷൻ ഭരണകാലയളവിൽ പല തലങ്ങളിലുള്ള അസ്വസ്ഥതകളും പൊട്ടിപ്പുറപ്പെട്ടു. പ്രശാന്തിനെപ്പോലുള്ള നയചാതുരി പ്രകടിപ്പിക്കുന്നതിൽ പുതിയ മേയർക്ക് പരിമിതിയുണ്ടായി. കോർപ്പറേഷനിൽ അടിക്കടി വിവാദങ്ങളുണ്ടായി. അഴിമതിയാരോപണങ്ങളുണ്ടായി. പട്ടികജാതി ഫണ്ട് തട്ടിപ്പ്, കെട്ടിടനികുതി ഫണ്ട് വകമാറ്റൽ തട്ടിപ്പ് എന്നിങ്ങനെയൊക്കെ. ഇതെല്ലാം കൈകാര്യം ചെയ്യുന്നതിൽ ഒരു പരിചയസമ്പന്നതയുടെ അഭാവം നിഴലിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ കത്ത് വിവാദം അതിന്റെ തുടർച്ചയായി വേണം കാണാൻ.
കത്തും കുത്തും
കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ 295 പേരെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികജോലിക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് കത്ത് വിവാദം. മേയറുടെ ലെറ്റർ പാഡിൽ നിന്ന് ഈ തസ്തികകളിലേക്ക് നിയമിക്കാൻ യോഗ്യരായവരുടെ പട്ടിക ചോദിച്ചുകൊണ്ട് സഖാവേ എന്ന സംബോധനയോടെ സി.പി.എം ജില്ലാ സെക്രട്ടറിക്ക് പോയ കത്ത് ചോർന്നാണ് വൻ ഭൂകമ്പമായി മാറിയിരിക്കുന്നത്.
മേയറുടെ ലെറ്റർപാഡിൽ നിന്ന് കത്ത് പോയെന്നത് വാസ്തവമാണ്. സാധാരണ മേയറായാലും എം.എൽ.എയായാലും അവരുടെ പാർലമെന്ററി പാർട്ടി ഓഫീസിൽ അത്യാവശ്യ കാര്യങ്ങൾക്ക് വിനിയോഗിക്കാനായി സ്പെസിമെൻ ഒപ്പോടെയുള്ള ലെറ്റർപാഡുകൾ സൂക്ഷിക്കാറുണ്ട്. ഈ ലെറ്റർപാഡിലാണ് പാർലമെന്ററി പാർട്ടിക്കകത്തെ ആരോ പണി പറ്റിച്ചിരിക്കുന്നത്. അതാരാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്.
എന്നാൽ ഇങ്ങനെ കത്ത് പോയതിൽ ആർക്കും വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല. ഇതൊക്കെ ആര് ഭരിച്ചാലും നടത്താറുള്ള കാര്യമത്രെ. ഒന്നാമത് അനുവദിക്കപ്പെട്ട താത്‌ക്കാലിക തസ്തികകളിലേക്കുള്ള നിയമനമല്ല സംഗതി. ചില പ്രത്യേക പ്രോജക്ടുകൾക്ക് നിശ്ചിത മാസത്തേക്കുള്ള നിയമനങ്ങളാണ്. ഏത് തദ്ദേശസ്ഥാപനത്തിലായാലും ഭരിക്കുന്ന കക്ഷികൾ തരാതരം പോലെ നടത്തിവരുന്ന നിയമനങ്ങളാണിതൊക്കെ. നിയമപരമായി അത് ശരിയോ എന്നത് വേറെ കാര്യം. അതുകൊണ്ട് ഇക്കാര്യത്തിൽ ആരും നിഷ്കളങ്കരാണെന്നൊന്നും പറയുക വയ്യ.
എന്നിരുന്നാലും രഹസ്യമായി പോകേണ്ട കത്തെങ്ങനെ ഒരു മാദ്ധ്യമത്തിന് ചോർന്ന്, പരസ്യമാക്കപ്പെട്ടു എന്നതാണ് ചോദ്യം. അതാണ് സി.പി.എമ്മിലെ വിഭാഗീയതയിലേക്ക് വിരൽ ചൂണ്ടുന്നത്.
സി.പി.എമ്മിനകത്ത് രഹസ്യമായി നടക്കുന്ന ഏർപ്പാടുകൾ പാർട്ടിയംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലെത്തിയപ്പോൾ മേയർക്കിട്ട് പണി കൊടുക്കുകയും അതുവഴി മേയറുടെ പിന്നിലുള്ള നേതൃത്വത്തിലെ വൻശക്തികൾക്ക് പണി കൊടുക്കുകയും ചെയ്യാൻ ചിലർ നടത്തിയ വേലയാണോ. ഏതായാലും ഇത് തിരുവനന്തപുരത്തെ സി.പി.എമ്മിന് വലിയ ക്ഷീണമാണുണ്ടാക്കിയത്.
സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറിയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായിയെന്ന ആക്ഷേപമുയരുന്നുണ്ട്. ഇതോടെ ആ സെക്രട്ടറിയോട് വിരോധമുള്ള വിഭാഗം പാർട്ടിക്കകത്ത് മറ്റ് തരത്തിലുള്ള കുത്തിത്തിരിപ്പുകളും തുടങ്ങി. ഇതേ സെക്രട്ടറി ഇതേനിലയിൽ അയച്ച മറ്റൊരു കത്ത് പിന്നാലെ പുറത്തുവന്നത് അങ്ങനെയാണ്.
ജില്ലാ
സെക്രട്ടറിയാരാവും?
തലസ്ഥാനജില്ലയിലെ മിന്നും പ്രകടനത്തിന് പാരിതോഷികമെന്നോണമാകണം സി.പി.എമ്മിന്റെ കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനത്തിൽ ആനാവൂർ നാഗപ്പനെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഒഴിഞ്ഞപ്പോൾ അങ്ങനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആനാവൂർ അംഗമായി. എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങി മുൻകാല സെക്രട്ടറിമാരും സീനിയറുമായ നേതാക്കൾക്ക് കിട്ടാത്ത ആനുകൂല്യമാണ് ആനാവൂരിന് കിട്ടിയത്.
സാധാരണ നിലയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാകുന്നവർ ജില്ലാ സെക്രട്ടറിപദത്തിൽ തുടരുന്ന കീഴ്വഴക്കം സി.പി.എമ്മിലില്ല. എന്നാൽ കഴിഞ്ഞ മാർച്ച് ആദ്യം സംസ്ഥാനസമ്മേളനം കഴിഞ്ഞിട്ട് എട്ടുമാസം പിന്നിട്ടിട്ടും സുപ്രധാനമായ തലസ്ഥാന ജില്ലയിൽ സി.പി.എമ്മിന് പുതിയ സെക്രട്ടറിയെ കണ്ടെത്തിയിട്ടില്ല. ഓരോ നേതാക്കൾക്കും താത്‌പര്യമുള്ള പേരുകൾക്കായി സമ്മർദ്ദങ്ങളുയരുന്നു.
ആനാവൂരിന്റെ അപ്രമാദിത്വത്തിനെതിരെ അസ്വസ്ഥതകൾ രൂക്ഷമാണ് പാർട്ടിയിൽ. ആനാവൂരിനെ ചുറ്റിപ്പറ്റി നിൽക്കുന്ന, ജില്ലാനേതൃത്വത്തിലെ തന്നെ ഒരു രണ്ടാംനിര, നിയമനങ്ങളിലടക്കം ഇടപെടുന്നുവെന്ന ആക്ഷേപമുയർത്തുന്നത് പാർട്ടിക്കകത്തുള്ളവർ തന്നെയാണ്. പുതിയ കത്ത് വിവാദത്തെ അവസരമാക്കാൻ അവരും കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്.
പുതിയ ജില്ലാ സെക്രട്ടറി വരാൻ ഇനിയും രണ്ട് മാസമെങ്കിലും കഴിയുമെന്നാണ് സി.പി.എമ്മിൽ നിന്നറിയാനാവുന്നത്. ജനുവരിയിൽ തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നുണ്ട്. അഖിലേന്ത്യാ സമ്മേളനമായത് കൊണ്ടുതന്നെ അതൊരു വലിയ വിജയമാക്കാനാവശ്യമായ സംഘടനാപ്രവർത്തനം വേണം. അതിന് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനങ്ങൾ നടക്കുന്നു. അതിനിടയ്ക്ക് സെക്രട്ടറി മാറുന്നത് ഉചിതമാവില്ലെന്ന് നേതൃത്വം ചിന്തിക്കുന്നു.
കാര്യങ്ങളെന്തൊക്കെ ആയാലും സി.പി.എമ്മിന്റെ തലസ്ഥാന ജില്ലാഘടകത്തിൽ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന് പറയാതെവയ്യ. തുരുത്തുകൾ പൊളിക്കപ്പെടുമോ?