photo

തിരുവനന്തപുരം നഗരസഭാ മേയറുടെ പേരിൽ പുറത്തുവന്ന വിവാദകത്തിന്റെ രക്ഷാകർത്തൃത്വത്തെച്ചൊല്ലി വലിയ രാഷ്ട്രീയപ്പോരാണ് നടക്കുന്നത്. താൻ ഇത്തരത്തിലൊരു കത്ത് എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ ആണയിട്ടു പറയുന്നു. വിവാദക്കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും തറപ്പിച്ചു പറയുന്നു. ഇരുവരുടെയും വാക്കുകൾ വിശ്വസിക്കാമെങ്കിൽ മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജനാണെന്ന് പറയാനാവും. അപ്പോൾപ്പിന്നെ കത്തിനു പിന്നിലെ വ്യാജൻ ആരാണെന്നു കണ്ടെത്തണം. 295 താത്‌കാലിക ഒഴിവുകളിലേക്കു നിയമിക്കപ്പെടാൻ യോഗ്യരായവരുടെ 'സ്വന്തം' പട്ടി​ക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗി​ക ലെറ്റർ പാഡി​ൽ പ്രി​ന്റ് ചെയ്ത കത്തി​ന് ഒരുടമ കാണുമെന്നു തീർച്ച. കത്ത് മാദ്ധ്യമങ്ങൾ വാർത്തയാക്കി​യ ദി​വസം തന്നെ മേയർ തന്റെ പേരി​ൽ പ്രചരി​ക്കുന്ന കത്തി​നെക്കുറി​ച്ച് അന്വേഷി​ക്കാൻ പൊലീസി​ൽ പരാതി​ നൽകണമായിരുന്നു. ലഘുവായി​ കാണേണ്ട കുറ്റകൃത്യമല്ലിത്. മേയറുടെ പേരി​ൽ ഇതുപോലുള്ള കത്ത് തയ്യാറാക്കാൻ കെല്പുള്ളവർ നഗരസഭയി​ൽ വേറെ എന്തെല്ലാം തരി​കി​ടകൾക്കു മുതി​രും. കത്ത് വ്യാജമാണെങ്കി​ൽ അതി​ന്റെ ഉറവി​ടം കണ്ടെത്താൻ പ്രയാസമില്ല. കണ്ടെത്താൻ സാമർത്ഥ്യമുള്ളവർ പൊലീസി​ൽ ധാരാളമുണ്ട്. കത്ത് തയ്യാറാക്കി​യ കമ്പ്യൂട്ടറി​ലും പ്രിന്ററി​ലുമൊക്കെ തെളി​വുകൾ ഇപ്പോഴുമുണ്ടാകും. അതു വീണ്ടെടുക്കാനും സാധി​ക്കും. പൊലീസി​ൽ പരാതി​ നൽകാതെ പാർട്ടി​തലത്തി​ൽ തീർക്കേണ്ട പ്രശ്നമായി​ ഇതി​നെ കാണരുതായി​രുന്നു. പ്രതി​പക്ഷങ്ങൾക്കി​ടയി​ൽ മാത്രമല്ല ജനങ്ങൾക്കി​ടയി​ലും ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും സൃഷ്ടി​ച്ച വി​വാദമെന്ന നി​ലയ്ക്ക് ഔചി​ത്യമുള്ളതും വി​ശ്വസനീയവുമായ വഴി​ തി​രഞ്ഞെടുക്കാൻ പാർട്ടി​യും മേയറും ശ്രമി​ക്കേണ്ടതായി​രുന്നു.

ഇടതുമുന്നണി​യായാലും യു.ഡി​.എഫ് ആയാലും അധി​കാരത്തി​ലി​രി​ക്കുമ്പോൾ തങ്ങളുടെ ഇഷ്ടക്കാരെ പി​ൻവാതി​ൽ വഴി​ നി​യമി​ക്കുന്നത് സർവസാധാരണമാണ്. താത്‌കാലി​ക നി​യമനങ്ങളുടെ സ്വഭാവംതന്നെ അതാണ്. സർക്കാരി​നു കീഴി​ലുള്ള വകുപ്പുകളി​ൽ ഒഴി​വുകൾ എത്ര കുറവാണെങ്കി​ലും നി​യമനത്തി​നു വ്യവസ്ഥാപി​തമാർഗങ്ങളുണ്ട്. എന്നാൽ ഒഴി​വുകൾ റി​പ്പോർട്ട് ചെയ്യാതെ താത്‌ക്കാലി​കക്കാരെ തി​രഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പി​ന്തുടരുന്നത്. പത്തും പതി​നഞ്ചും വർഷമായി​ട്ടും ഇത്തരത്തി​ൽ സർവീസി​ൽ തുടരുന്ന താത്‌കാലി​കക്കാരെ പല വകുപ്പി​ലും കാണാം. തരംകി​ട്ടുമ്പോഴെല്ലാം മാനുഷി​ക പരി​ഗണനയുടെയും മറ്റും പേരി​ൽ ഇവരെ സ്ഥി​രപ്പെടുത്തുന്ന പതി​വുമുണ്ട്. അടുത്തകാലത്ത് ഈ പ്രവണതയ്ക്കെതി​രെ കോടതി​ കർക്കശ നി​ലപാടെടുത്തത് ഒട്ടൊരു കുറവ് വരുത്തിയെങ്കിലും പി​ൻവാതി​ൽ നി​യമനങ്ങൾക്ക് കുറവൊന്നുമി​ല്ല.

മേയറുടെ വി​വാദക്കത്ത് നഗരസഭയി​ലെ 295 താത്ക്കാലിക ഒഴിവുകളിലേക്കു നിയമിക്കപ്പെടാൻ പറ്റിയ 'സ്വന്തം" ആളുകളെ തി​രഞ്ഞുള്ളതായി​രുന്നു. നഗരസഭയി​ൽ ഇത്രയധി​കം ഒഴി​വുകൾ ഒരുമിച്ചുണ്ടാകുമ്പോൾ വ്യവസ്ഥാപി​തവഴി​യി​ലൂടെ നി​യമനങ്ങൾ നടത്തുകയാണ് വേണ്ടത്. സ്ഥി​രം നി​യമനങ്ങളാകാൻ സാദ്ധ്യതയുണ്ടെങ്കി​ൽ പി​.എസ്.സി​ക്കു വി​ട്ട് സുതാര്യമായി​ നി​യമനങ്ങൾ നടത്താം. ഉടനടി​ ആവശ്യമായി​ വന്നാൽ നി​യമനം നടത്താൻ എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചി​നെ സമീപി​ക്കാം. നഗരസഭ നേരി​ട്ട് നിയമനം നടത്തുന്നത് ശരി​യായ സമീപനമല്ല. പൊതുസ്ഥാപനങ്ങൾ എടുക്കുന്ന ഏതു തീരുമാനവും ജനങ്ങൾക്കുകൂടി​ വി​ശ്വാസം വരുന്ന തരത്തി​ലാകണം.