photo

ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇനിയും പൂർത്തിയാക്കാൻ കഴിയാത്തത് ദൗർഭാഗ്യകരമാണ്. വൃശ്ചികം ഒന്നിനു തുടങ്ങി മകരം ഇരുപതിന് സമാപിക്കുന്ന മണ്ഡല - മകരവിളക്ക് തീർത്ഥാടനം എല്ലാ വർഷവുമുള്ള ആചാരമാണ്. അതിനാവശ്യമായ തയ്യാറെടുപ്പ് തുലാമാസം അവസാന ആഴ്ച പൂർത്തിയാക്കേണ്ടതുമാണ്. എന്നാൽ പലപ്പോഴും ഒരുക്കങ്ങൾ നീണ്ടുപോവുകയും തീർത്ഥാടകരിൽ നിന്ന് പരാതികൾ ഉയരുകയും ചെയ്യുന്നു. ഓരോ തീർത്ഥാടനകാലം സമാപിക്കുമ്പോഴും അടുത്തതവണ കുറെക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് വാഗ്ദാനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ തീർത്ഥാടനത്തിന് നേതൃത്വം വഹിക്കുന്ന ദേവസ്വം ബോർഡും സർക്കാരും ഈ വിഷയത്തിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടന വിശേഷങ്ങളിലൊന്നായിട്ടും അതിനുതക്ക പരിഗണന കിട്ടുന്നുണ്ടോ എന്നു സംശയമാണ്.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മൂന്ന് - നാല് കോടി ഭക്തർ ശബരിമല ദർശനത്തിനെത്തുന്നു എന്നാണു കണക്ക്. കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് മഹാമാരി തീർത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും ഇക്കുറി പൂർണതോതിലുള്ള തീർത്ഥാടക പ്രവാഹമാണു പ്രതീക്ഷിക്കുന്നത്. നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച സ്ഥിതിക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വൻതോതിൽ തീർത്ഥാടകരുടെ ഒഴുക്കുണ്ടാകാനാണ് സാദ്ധ്യത. തീർത്ഥാടനകാലത്തിനുമുമ്പേ പൂർത്തിയാക്കേണ്ട നിർമ്മാണങ്ങൾ പലതും ശേഷിക്കുന്നതായാണ് അറിയുന്നത്. ഇതിൽ റോഡുകളുടെ സ്ഥിതി തീർത്ഥാടകരെ ശരിക്കും ആശങ്കപ്പെടുത്തുന്നുമുണ്ട്. മഴ കാരണം പലേടത്തും റോഡ് പണി പൂർത്തിയാക്കാനാവുന്നില്ലത്രേ. തുലാമാസം തീരും മുമ്പേ തുലാവർഷം എത്തുമെന്ന് അറിയാത്ത മലയാളികളില്ല. ശബരിമലയിലേക്കുള്ള റോഡ് പണി അതിനുമുമ്പേ പൂർത്തിയാക്കാൻ കഴിയാത്തത് ആസൂത്രണമില്ലായ്മയുടെ തെളിവാണ്. ഇത്തരം പണികൾക്ക് അവസാന നിമിഷം വരെ കാത്തിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാമാന്യം നല്ലൊരു മഴയുണ്ടായാൽ തകരുന്ന റോഡുകളല്ല ശബരിമലയിലേക്ക് ആവശ്യം. എത്ര മഴയുണ്ടായാലും തകരാത്ത റോഡുകൾ ഇന്നു സാദ്ധ്യമാണ്. ഓരോ വർഷവും ശബരിമല റോഡുകൾക്കായി എത്ര വലിയ സംഖ്യയാണ് മുടക്കേണ്ടിവരുന്നത്. നല്ല നിലവാരമുള്ള റോഡ് നിർമ്മിച്ചാൽ ഓരോ വർഷവും ഈയിനത്തിൽ ഉണ്ടാകുന്ന അധികച്ചെലവ് ലാഭിക്കാനാവും. നിലയ്ക്കലെയും പമ്പയിലെയും പാർക്കിംഗ് കേന്ദ്രങ്ങളുൾപ്പെടെ നല്ല നിലവാരത്തിലെത്തിക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണ്. പാർക്കിംഗ് ഫീസായി കനത്ത ഫീസ് പിരിച്ചിട്ടും അതിനുതക്ക സൗകര്യമൊരുക്കാൻ കഴിയാത്തതു ഉത്തരവാദിത്വമില്ലായ്മയുടെ തെളിവാണ്. നിരത്തുകൾ തകരാൻ കാരണം മഴ മാത്രമല്ല. നിലവാരമില്ലായ്മ തന്നെയാണു പ്രധാന വില്ലൻ. തീർത്ഥാടനകാലത്തെ ആയുസുമാത്രം മുൻനിറുത്തി റോഡ് നവീകരണം നടത്തുന്നതുകൊണ്ടാണ് അവ വേഗം പൊട്ടിപ്പൊളിയുന്നത്.

ശബരിമല പാതകളിലും പമ്പയിലും സന്നിധാനത്തുമൊക്കെ തീർത്ഥാടകർക്കായുള്ള സൗകര്യങ്ങൾ ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. ദേശീയ തീർത്ഥാടന കേന്ദ്രമെന്ന പദവിക്കുവേണ്ടി മുറവിളി കൂട്ടുന്നതിനൊപ്പം നിലവിൽ തീർത്ഥാടകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന സംവിധാനങ്ങൾ ഒരുക്കാനുള്ള ബാദ്ധ്യത അധികൃതർക്കുണ്ട്. അനിയന്ത്രിതമായ തീർത്ഥാടകപ്രവാഹം ഒരുക്കങ്ങളെയെല്ലാം താളം തെറ്റിക്കുമെന്നു പറയുന്നതിൽ അർത്ഥമില്ല. തിരക്ക് മുൻകൂട്ടി മനസിലാക്കി സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് കാര്യശേഷി പ്രകടമാകേണ്ടത്. മണ്ഡലകാലമെത്താൻ ഒരാഴ്ച ബാക്കി നിൽക്കുമ്പോഴും സന്നിധാനത്തും മറ്റുമുള്ള ലേലനടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ആഴ്ചകൾക്കുമുമ്പേ പൂർത്തിയാക്കാൻ കഴിയുമായിരുന്ന ഇത്തരം ഔദ്യോഗിക നടപടികൾ ബോർഡിന്റെ വരുമാനത്തെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാം. അധികം പരാതികൾ ഉയരാത്ത തീർത്ഥാടന കാലമാകണം ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ലക്ഷ്യം. അതിനാവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഒട്ടും അമാന്തം കാണിക്കരുത്.