
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ശതാബ്ദിയിൽ
...............................
ആർദ്രത, അലിവ്, അനുകമ്പ, വാത്സല്യം എന്നിവയിലൊക്കെ ഒരു സ്നേഹസ്പർശമുണ്ട്. ജലസ്പർശവുമുണ്ട്. സർവചരാചരങ്ങളുടെയും നിലനില്പുതന്നെ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലത്തിന് ജീവജലമെന്ന വിശേഷണം വന്നതും അങ്ങനെതന്നെ. ഭൂമിയുടെ നാലിൽ മൂന്നും ജലമാണ്. അതുപോലെ ശരീരത്തിന്റെ മുക്കാൽ ഭാഗവും ജലമാണ്. ഏറ്റവും സുതാര്യമായ ജലം സ്നേഹപ്രതീകമാകുന്നതും ഏറ്റവും മൂർച്ചയേറിയ ആയുധമാകുന്നതും നാം അനുഭവിച്ചറിയുന്നു. പ്രളയത്തിന്റെ മൂർച്ചയും തീവ്രതയും നാം എത്രയോ തവണ കണ്ടിരിക്കുന്നു.
ജലകണങ്ങളെ മൂർച്ചയേറിയ കാവ്യശരങ്ങളാക്കി ജാതി പിശാചിനെ എയ്ത മഹാകവിയാണ് കുമാരനാശാൻ. കിണറ്റിൽ നിന്ന് വെള്ളം കോരി പാളയിൽ നിന്ന് ബുദ്ധഭിക്ഷുവിന്റെ കൈക്കുമ്പിളിലേക്കു പകരുന്ന സ്ഫടികനീർമണികൊണ്ട് മനുഷ്യസ്നേഹത്തിന്റെ ഒരു മഹാസാഗരം തീർക്കുകയാണ് ചണ്ഡാലഭിക്ഷുകിയിൽ ആശാൻ. ദാഹിച്ചുവലഞ്ഞ അപരിചിതനായ യോഗിയെ കണ്ട് ചണ്ഡാലയുവതിയുടെ മനസലിഞ്ഞിരിക്കാം. കിണറ്റിൽ പ്രകൃതിയുടെ മാതൃസ്നേഹം ജലമായി നിറഞ്ഞിരിക്കുന്നു.
തൂമതേടുന്ന പാള കിണറ്റിലിട്ട് ഓമൽക്കൈയാൽ കയറുവലിക്കുന്ന ചാമർ നായകന്റെ കിടാത്തി. വരണ്ട കാഴ്ചകളും വറ്റിവരണ്ട തൊണ്ടയുമായി വഴിക്കിണറിനടുത്തെത്തിയ ഭിക്ഷു അലിവോടെ യാചിക്കുന്നത് ദാഹനീരിനാണ്. ആ നിസഹായമായ ചോദ്യവും അതിലേറെ നിസഹായമായ ഉത്തരവും ആശാന്റെ പ്രതിഭയിലൂടെ വന്നപ്പോൾ അനശ്വരമുഹൂർത്തവും ദൃശ്യവുമായി. ജാതിപ്പോരിൽ വലഞ്ഞ് അവശമായ കേരളത്തിന് അതു സങ്കല്പത്തിനപ്പുറമുള്ള ഓജസാർന്ന കാവ്യനിമിഷമായി.
ദാഹിക്കുന്നു ഭഗിനീ, കൃപാരസ
മോഹനം കുളിർതണ്ണീരിതാശുനീ
ഓമലേ, തരുതെല്ലെന്നതുകേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ
വിശപ്പിനും ദാഹത്തിനും മുന്നിൽ മനുഷ്യൻ തീർത്തതും കെട്ടിച്ചമച്ചതുമായ സകല മിഥ്യാബോധങ്ങളും അഹന്തകളും വീണുടഞ്ഞുപോകും. സമ്പന്നനും ദരിദ്രനും സവർണനും അവർണനുമെല്ലാം ദാഹാഗ്നിക്കും ജഠരാഗ്നിക്കും മുന്നിൽ നിസഹായനായി നിന്നുപോകും. പ്രകൃതി മനുഷ്യരെ സമന്മാരാക്കുന്നത് വിശപ്പും ദാഹവും കൊണ്ടാണ്.
ദാഹജലം ചോദിച്ച ഭിക്ഷുവിന്റെ ദയനീയ സ്ഥിതി അറിയാമെങ്കിലും ചണ്ഡാലി അതു നൽകാൻ മടിക്കുന്നത് ഭാരതത്തെ ഭ്രാന്താലയമാക്കിയ ജാതിചിന്തയുടെ പ്രഹരം ഭയന്നാണ്.
കോപമേലരുതേ ജലം തന്നാലും,
പാപമുണ്ടാമിവളൊരു ചണ്ഡാലി എന്ന മറുപടി കേൾക്കുമ്പോൾ
ദാഹനിമിഷങ്ങളുടെ തീവ്രത അറിയാവുന്ന സകലരും ജാതിചിന്തയെ തകർത്തെറിയണമെന്ന് മോഹിച്ചുപോകും.
ജാതിചോദിക്കുന്നില്ല ഞാൻ സോദരി
ചോദിക്കുന്നു നീർ നാവുവരണ്ടഹോ
ഭീതിവേണ്ടാ, തരികതെനിക്കു നീ
എന്ന ദാഹനീരിനുവേണ്ടിയുള്ള ഭിക്ഷുവിന്റെ അപേക്ഷയ്ക്കു മുന്നിൽ മനുഷ്യപ്പറ്റുള്ള അവൾക്ക് എങ്ങനെ പുറംതിരിഞ്ഞുനിൽക്കാനാകും?
ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിലേക്ക് അവൾ പാളയിലെ നീർമണി പകരുമ്പോഴാണ് ആശാന്റെ കാവ്യദിഗ്‌വിജയം നമുക്ക് കാണാനാകുന്നത്.
പുണ്യശാലിനി, നീ പകർന്നിടുമീ
തണ്ണീർതന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുഹൃതഹാരങ്ങൾ നി -
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം.
എന്ന വരികളിലെത്തുമ്പോൾ ആരുടെ കണ്ണുകളാണ് മനുഷ്യനന്മയോർത്ത് തുളുമ്പാത്തത്. പ്രകൃതി തന്ന ജലസ്തന്യത്തിന് വിലക്കുകല്പിക്കുന്ന ജാതിപ്പിശാചിന്റെ മണ്ടയ്ക്ക് ഒരടികൊടുക്കാൻ ആർക്കാണ് രക്തം തിളയ്ക്കാത്തത്. ഈ സ്നേഹജലനിർഭരമായ നിമിഷങ്ങളിൽ കവിതയുടെ കിരണങ്ങൾ വീഴ്‌ത്തി ആശാൻ അനശ്വര കവിതയുടെ മഴവില്ലുകൾ രചിക്കുന്നു. സങ്കുചിത മനുഷ്യന്റെ അജ്ഞതയും സങ്കുചിതത്വവും കെട്ടിപ്പൊക്കിയ ജാതിക്കോട്ടകൾ തകർക്കാനുള്ള ആഹ്വാനം ഈ നീർമണികളിൽ കുടികൊള്ളുന്നു.
വിപ്ളവഗായകനെന്നും സ്നേഹഗായകനെന്നും നാം കുമാരനാശാനെ വിശേഷിപ്പിക്കാറുണ്ട്. രണ്ടു വിശേഷണങ്ങളും അദ്ദേഹത്തിന് നന്നായി ചേരും. വിപ്ളവ ചിന്തയും അടങ്ങാത്ത സ്നേഹബോധവും ആശാന്റെ രണ്ട് പടക്കുതിരകളാണ്. ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും ആ പടക്കുതിരകളുടെ പ്രയാണം നിരീക്ഷിക്കാനാകും. ദുരവസ്ഥയിൽ ചാത്തൻ സാവിത്രിഅന്തർജനത്തിന് ഹൃദയത്തിന്റെ നിറമുള്ള ചെന്താമരമൊട്ട് സമർപ്പിക്കുന്നുണ്ട്. ബുദ്ധഭിക്ഷുവിന്റെ ദാഹനീരിനായുള്ള വാക്കുകളിൽ ഹൃദയത്തിന്റെ അപേക്ഷയുമുണ്ട്. അതു വായിച്ചറിയുന്നതുകൊണ്ടാണ് ചണ്ഡാലയുവതി ഭിക്ഷുവിന്റെ കാല്പാടുകൾ തേടി പിന്നെ അലയുന്നതും സമഭാവനയുടെ ആശ്രമത്തിൽ എത്തിച്ചേരുന്നതും. ആശാൻ ഭാവന ചെയ്യുന്ന സമത്വ സന്ദേശങ്ങളുടെ ഇരിപ്പിടം ഭേദചിന്തകളെരിഞ്ഞുതീരുന്ന മാനവികതയുടെ സന്നിധിയാണ്.
ആശാൻ മലയാള ഭാഷയ്ക്ക് നിരവധി രത്നഹാരങ്ങൾ ചാർത്തി. അതിൽ ഏറ്റവും മഹത്തരമായ സുകൃതഹാരമാണ് ചണ്ഡാലഭിക്ഷുകി.