1

വിഴിഞ്ഞം: പതിനേഴ് വർഷങ്ങളായി ഉദ്ഘാടനം കാത്തിരിക്കുകയാണ് ഒരു ജല വിതരണ ടാങ്ക്. നഗരസഭയുടെ പൂങ്കുളം വാർഡിൽ കല്ലടിച്ചാൻ മൂലയിലാണ് 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ കുടിവെള്ള ടാങ്ക് സ്ഥിതിചെയ്യുന്നത്. പിന്നാക്ക വിഭാഗക്കാർ കൂടുതൽ തിങ്ങിപ്പാർക്കുന്ന ഇവിടെ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ടാങ്ക് നിർമ്മിച്ച ശേഷം ഇതുവരെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. വാട്ടർ ടാങ്കും പരിസരവും കുറ്റിക്കാട് മൂടിയ നിലയിലാണെന്ന് നാട്ടുകാർ പറയുന്നു. തിരുവല്ലം പഞ്ചായത്തായിരുന്നപ്പോൾ 17 വർഷം മുമ്പ് ചല്ലിയടി കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്താണ് നിലവിൽ വാട്ടർടാങ്ക് സ്ഥിതി ചെയ്യുന്നത്. 25 സെന്റ് സ്ഥലത്ത് ചല്ലിയടി കേന്ദ്രത്തിനായി വലിയ കെട്ടിടം നിർമ്മിച്ചിരുന്നു. എന്നാൽ ക്വാറി നിയന്ത്രണം വന്നതോടെ ചല്ലിയടി നിലയ്ക്കുകയും ഇവിടെ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നെന്നും നാട്ടുകാർ പറയുന്നു. നിർമ്മിച്ചിരുന്ന കെട്ടിടവും ഇടിച്ചു നിരത്തിയതോടെ ആ വാഗ്ദാനവും നടപ്പായില്ല. ഒടുവിൽ 5 സെന്റ് സ്ഥലം അങ്കണവാടി നിർമ്മിക്കുന്നതിനായി വിട്ടു നൽകി ബാക്കി വന്ന 20 സെന്റ് സ്ഥലത്താണ് നിലവിലെ വാട്ടർ ടാങ്ക് പണിഞ്ഞിരിക്കുന്നത്. അരുവിക്കര ജലസംഭരണിയിലെ ജലം തിരുവല്ലം ജഡ്ജി കുന്നിലെ ടാങ്കിൽ എത്തിച്ച ശേഷം വിതരണം നടത്തുന്നുണ്ടെന്നും ജലവിതരണ ടാങ്ക് നിർമ്മിച്ചത് ജൻറം പദ്ധതി പ്രകാരമായിരുന്നെന്നും എന്നാൽ നിലവിലിന്ന് ആ പദ്ധതി നിറുത്തലാക്കിയെന്നും കൗൺസിലർ പറഞ്ഞു.

ഗുണഭോക്താക്കൾ

കല്ലടിച്ചാൽ മൂല, താന്നിനിന്ന വിള, ആലുനിന്ന വിള, ഐരയിൽ ലക്ഷം വീട്, വള്ളിക്കണ്ടം കോളനി, പാറവിള, കുന്നും പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് വാട്ടർ ടാങ്ക് പണിതത്.

 മുതൽമുടക്കിലെ നിഗൂഢത

പതിനേഴ് വർഷങ്ങൾക്ക് മുൻപ് സർക്കാരിന്റെ ജൻറം പദ്ധതിയിലൂടെയാണ് ടാങ്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ ഇന്ന് ആ പദ്ധതി നിറുത്തലാക്കിയതിനാൽ ജലസംഭരണി നവീകരിക്കാൻ കൂടിയാവാൻ കഴിയാത്ത അവസ്ഥയാണ്. പദ്ധതിക്കായി എത്ര ലക്ഷം രൂപ ചെലവാക്കിയെന്നത് ഇന്നും നിഗൂഢമായി തുടരുകയാണ്.

 വെള്ളം ലഭിക്കുന്നില്ല

ടാങ്കിൽ നിന്ന് ജലം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുമ്പോഴും, ഈ ടാങ്ക് വഴി ജലവിതരണം നടക്കുന്നുണ്ടെന്നും സമീപത്തെ ഉയർന്ന പ്രദേശങ്ങളിലെ എട്ടോളം വീടുകളിൽ മാത്രമാണ് സാങ്കേതിക തടസങ്ങളുള്ളതിനാൽ വെള്ളം ലഭിക്കാത്തതെന്നുമാണ് അധികൃതർ പറയുന്നത്.