തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച കേശവദാസപുരം സ്വദേശിനി മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയുടെ ജാമ്യ ഹർജി കോടതി തള്ളി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. വിഷ്‌ണുവാണ് ഹർജി തള്ളിയത്.
ജാമ്യം ലഭിച്ചാൽ പ്രതി സംസ്ഥാനം വിട്ടുപോകുമെന്നും കൊലപാതകം നേരിട്ടുകണ്ട സുഹൃത്തുക്കളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കുമെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ വിചാരണ എപ്പോൾ വേണമെങ്കിലും നടത്താൻ സർക്കാർ തയ്യാറാണെന്ന് അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ കോടതിയെ അറിയിച്ചു. പ്രതിക്കുവേണ്ടി ബി.എ. ആളൂരാണ് ഹാജരാകുന്നത്.
2022 ആഗസ്റ്റ് ഏഴിന് ഉച്ചയ്‌ക്ക് 12.30നാണ് തലസ്ഥാനത്തെ നടുക്കിയ കൊലപാതകമുണ്ടായത്. മനോരമയുടെ വീടിന് സമീപത്ത് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ നിർമ്മാണ തൊഴിലാളിയായെത്തിയ പ്രതി മനോരമയുടെ വീട്ടിൽ അവരുടെ ഭർത്താവ് ദിനരാജില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതിക്രമിച്ച് കടന്നു. മനോരമയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി പിന്നീട് മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ തള്ളുകയായിരുന്നു. പ്രതിക്കെതിരെ ഒക്ടോബർ 10നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.