
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും നടത്തിയ പ്രതിഷേധപ്രകടനം നഗരസഭയ്‌ക്ക് അകത്തും പുറത്തും സൃഷ്‌ടിച്ചത് പ്രഷുബ്‌ധ രംഗങ്ങൾ. നഗരസഭ ഓഫീസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച ബി.ജെ.പി കൗൺസിലർമാരെ ഇടത് കൗൺസിലർമാർ തടയാൻ ശ്രമിച്ചതോടെ പരസ്‌പരം അടി പിടിയും ബഹളവുമായി. അതേ സമയം പുറത്ത് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തർ അക്രമാസക്തരായപ്പോൾ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകർ നഗരസഭാ ഓഫീസിന്റെ മതിൽ ചാടി കടന്നതോടെ ലാത്തി ചാർജ്ജും രണ്ട് റൗണ്ട് കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനിടയിൽ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ എത്തിയവർ ഭയചകിതരായി. നിസഹായരായ സ്ത്രീകൾ എന്തു ചെയ്യണമെന്നറിയാതെ പൊട്ടിക്കരയുന്നതും കാണാമായിരുന്നു.
കൗൺസിലർമാരുടെ തമ്മിലടിക്കിടയിൽ സി.പി.എം കൗൺസിലർ ബിന്ദു മേനോന് കൈയ്‌ക്ക് പരിക്കേറ്റു. ബി.ജെ.പി കൗൺസിലർ ചെമ്പഴന്തി ഉദയനും സി.പി.എമ്മിലെ എസ്. ശരണ്യയും ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷത്തിനിടയിൽ
കന്റോൺമെന്റ് എസ്.ഐ ദ്വിജിത്തിന്റെ കൈയ്‌ക്ക് പൊട്ടലുണ്ടായി.
ബി.ജെ.പി കൗൺസിലർമാരാണ് രാവിലെ ആദ്യം പ്രതിഷേധവുമായി എത്തിയത്. മേയറുടെ ചേംബറിനുള്ളിലേക്ക് കടക്കാതിരിക്കാൻ പൊലീസ് ഇവരെ ഗേറ്റ് പൂട്ടിയിട്ട് തടഞ്ഞു. ഇതോടെ ബി.ജെ.പി. കൗൺസിലർമാർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. ഇതിനുപിന്നാലെയാണ് സി.പി.എം ബി.ജെ.പി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയുണ്ടായത്.
ഇതിനിടെ, ആം ആദ്മി പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി.തുടർന്ന് ഏതാനും യുവമോർച്ച പ്രവർത്തകരും നഗരസഭ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. ഇവരെ പിരിച്ച് വിടാനും പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഓഫീസ് വളപ്പിന് പുറത്ത് സംഘർഷം തുടരുമ്പോൾ വളപ്പിനകത്ത് ഇടത് അനുകൂല സംഘടനയിലെ ജീവനക്കാർ സമരക്കാർക്കെതിരെ പ്രതിഷേധിച്ചു.
കത്തിൽ ഒളിക്കാനില്ല,
പാർട്ടി അന്വേഷിക്കും:
ആനാവൂർ
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പുറത്തു വന്ന കത്തിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും, കത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി അന്വേഷിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പാർട്ടി ജില്ലാ നേതൃയോഗങ്ങൾക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുറത്തു വന്ന കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകും. എല്ലാ വശങ്ങളും അന്വേഷിക്കും. പാർട്ടിക്കാർക്ക് ഇതിൽ പങ്കുണ്ടോയെന്നതും പരിശോധിക്കും. ആര് തെറ്റു ചെയ്താലും നടപടിയുണ്ടാകും. ഡി.ആർ. അനിലിന്റെ കത്ത് കുടുംബശ്രീയിൽ നിന്ന് ആളെ നൽകുന്നത് വേഗത്തിലാക്കാൻ ഇടപെടുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. എങ്കിലും ഇത് ശരിയാണോയെന്നത് പരിശോധിച്ച് നടപടി സ്വീകരിക്കും. പാർട്ടിയിൽ വിഭാഗീയതയുണ്ടെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നും ആനാവൂർ പറഞ്ഞു.