
കല്ലറ:വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ ലഭിക്കുന്ന തരത്തിൽ അടുത്ത അദ്ധ്യയനവർഷം മുതൽ അക്കാഡമിക്ക് രംഗത്ത് മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കുട്ടികളുമായുള്ള ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനവും ഭരതന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും നിർമ്മാണ ഉദ്ഘാടനവും ജല ഗുണനിലവാര പരിശോധന ലാബുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ടീച്ചർമാരുടെ ട്രെയിനിംഗിനൊപ്പം പാഠപുസ്തകങ്ങൾ കൂടി പരിചയപ്പെടുത്തുമെന്നും വിദ്യാർത്ഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാദ്ധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ധ്രുവ നക്ഷത്ര,ലക്ഷ്മി പ്രിയ എന്നിവർ മന്ത്രിയുമായി സംവദിച്ചു.സയൻസ് ലാബിനായി അക്കാഡമിക് കലണ്ടറിൽ ഒരു പീരിഡുകൂടി ഉൾപ്പെടുത്തണമെന്നും,കുട്ടികളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ ഗ്രൂപ്പ് ചർച്ചകൾ ആവശ്യമാണന്നും അവർ അഭിപ്രായപ്പെട്ടു. ഡി. കെ.മുരളി എം.എൽ. എ അദ്ധ്യക്ഷനായ ചടങ്ങിൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ,എ.എ.റഹിം എം.പി, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,വൈസ് പ്രസിഡന്റ് എസ്.എം.റാസി,ജില്ലാ പഞ്ചായത്ത് അംഗം ബിൻഷാ ബി ഷറഫ്, പ്രിൻസിപ്പൽ സി.ഒ ലാൽ,ഹെഡ് മിസ്ട്രസ് ഷീജ എസ്.നായർ എന്നിവർ സംസാരിച്ചു.