
തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് സ്വീകരിക്കുന്നതിന്റെ ഭാഗമായ ചർച്ചയുടെ സംസ്ഥാന തല ഉദ്ഘാടനം ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിലെ അക്കാഡമിക് നിലവാരം ഉയർത്തുന്നതിന് ഇനി മുതൽ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട് ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത്,സ്‌കൂൾ തലങ്ങളിൽ ജനകീയ ചർച്ചകൾ നടക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 15ന് മുമ്പ് കുട്ടികളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തും. ഇത്തരത്തിൽ ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിക്ക് നൽകും. ഇവ കൂടി പരിഗണിച്ചാകും പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയാക്കുക. ചടങ്ങിൽ ഭരതന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും നിർമ്മാണോദ്ഘാടനവും ജലഗുണനിലവാര പരിശോധനാ ലാബുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ., ഡി.കെ. മുരളി എം.എൽ.എ, എ.എ. റഹീം എം.പി, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, കരിക്കുലം മേധാവി ചിത്ര മാധവൻ തുടങ്ങിയവർ പങ്കെടുത്തു.