nov07f

ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിന്റെ അതിർത്തി ജംഗ്ഷനായ ആലംകോടിന് പറയാൻ പരിഭവങ്ങൾ മാത്രം. ആറ്റിങ്ങൽ നഗരസഭയുടെ രണ്ടാമത്തെ പ്രധാന ജംഗ്ഷനെന്നാണ് ആലംകോടിനെ വിളിക്കുന്നത്. തീരദേശത്തേയും മലയോരത്തേയും ബന്ധിപ്പിക്കുന്ന കേന്ദ്രമാണിത്. ജില്ലയിലെ പ്രധാന മത്സ്യമൊത്ത വ്യാപാര കേന്ദ്രമെന്ന നിലയിലും ആലംകോടിന് കീർത്തിയുണ്ട്. എന്നാൽ ജംഗ്ഷനിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധികൃതർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ലെന്നാണ് പരാതി.

കിളിമാനൂർ റോഡും കടയ്ക്കാവൂർ - അഞ്ചുതെങ്ങ് റോഡും ദേശീയപാതയുമായി സന്ധിക്കുന്ന സ്ഥലമാണ് ആലംകോട്.കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കടയ്ക്കാവൂർ റോഡിലേക്കും കിളിമാനൂർ റോഡിലേക്കുമുള്ള സിഗ്നൽ ലൈറ്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നിത്യ സംഭവമാണ്.

ആലംകോട് ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി സർക്കാർ ഹയർ സെക്കൻഡറി സ്കൂളും ജംഗ്ഷന് സമീപം എൽ.പി സ്കൂളും ബി.ആർ.സിയുമുണ്ട്. കൂടാതെ നിരവധി ബാങ്ക് ശാഖകളും പോസ്റ്റ് ഓഫീസും വ്യാപാര കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഒരു പൊതു ടോയ്‌ലെറ്റ് പോലും ഇല്ലാത്തത് നാട്ടുകാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. മത്സ്യ മാർക്കറ്റിലെ കക്കൂസ് അടച്ചിട്ടിരിക്കുകയാണ്. ജംഗ്ഷനിൽ എത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.