
തിരുവനന്തപുരം: ആറു മാസമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെയും മൂവായിരം രൂപ നൽകി ഫാസ്റ്റ്ട്രാക്കായി അപേക്ഷിച്ചിട്ടും ബിരുദ സർട്ടിഫിക്കറ്റ് നൽകാതെയും വിദ്യാർത്ഥികളെ വലച്ച സാങ്കേതിക സർവകലാശാല തെറ്റു തിരുത്തുന്നു. സപ്ലിമെന്ററി അടക്കം എല്ലാ പരീക്ഷകളുടെയും ഫലം ഈ മാസം പ്രസിദ്ധീകരിക്കുമെന്നും, അപേക്ഷിച്ചവർക്കെല്ലാം ഒരാഴ്ചയ്ക്കകം ബിരുദ സർട്ടിഫിക്കറ്റും തുല്യതാ സർട്ടിഫിക്കറ്റും നൽകുമെന്നും വൈസ്ചാൻസലർ പ്രൊഫ. സിസാ തോമസ് 'കേരളകൗമുദി"യോട് പറഞ്ഞു. ശനിയാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ച 'കുത്തഴിഞ്ഞ് സാങ്കേതിക സർവകലാശാല" എന്ന വാർത്തയെത്തുടർന്ന് വൈസ്ചാൻസലർ ഇന്നലെ രജിസ്ട്രാറുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. എൻജിനിയറിംഗ് വിജയിച്ചവരുടെയും കാമ്പസ് പ്ലേസ്മെന്റ് ലഭിച്ച് വിദേശത്തും മറ്റും ജോലി നേടിയവരുടെയുമടക്കം 700 ബിരുദ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ ഉപരി പഠനത്തിനും ജോലിക്കുമടക്കം തുല്യതാ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകളിലും നടപടിയില്ലായിരുന്നു.
നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഡോ. എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്ന് ഗവർണർ താത്കാലികമായി നിയമിച്ച പ്രൊഫ. സിസാതോമസിനോട് സർവകലാശാലാ ഉദ്യോഗസ്ഥർ നിസഹകരിക്കുകയും ഫയലുകൾ നൽകാതിരിക്കുകയും ചെയ്തു. സിസാതോമസിന്റെ ഒപ്പ് ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലാക്കാനും ഫയലുകളിൽ പതിപ്പിക്കാനും വിസമ്മതിച്ചു. സർട്ടിഫിക്കറ്റിനുള്ള അപേക്ഷയടക്കം ഓൺലൈൻ ഫയലുകൾ പരിശോധിക്കാനുള്ള പാസ്‌വേർഡും നൽകിയില്ല. ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയശേഷം, വൈസ്ചാൻസലർ രജിസ്ട്രാർ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഓൺലൈനായി വിളിച്ച് ഫയലുകൾ ഹാജരാക്കാൻ കർശന നിർദ്ദേശം നൽകി. തുടർന്ന് വി.സിയുടെ ഡിജിറ്റൽ ഒപ്പുണ്ടാക്കാനും നടപടി തുടങ്ങി.
എസ്.എഫ്.ഐയുടെ സമരം സംഘർഷത്തിലെത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി.സി ഇന്നലെ സർവകലാശാലയിലെത്തേണ്ടെന്ന് പൊലീസ് റിപ്പോർട്ടുണ്ടായിരുന്നു. അതിനാലാണ് ഓൺലൈൻ യോഗങ്ങൾ നടത്തിയത്. വി.സിക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.
ഫാസ്റ്റ്ട്രാക്ക് അപേക്ഷ
പുനരാരംഭിച്ചില്ല
വിദേശ ജോലിയടക്കം ലഭിച്ചവർക്ക് വേഗത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് അപേക്ഷാ സംവിധാനം സർവകലാശാല പുനഃരാരംഭിച്ചില്ല. 3000 രൂപ നൽകിയാൽ 10 ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനമാണിത്.
വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികളുണ്ടാവില്ല. ബിരുദസർട്ടിഫിക്കറ്റുകൾ അതിവേഗം ലഭ്യമാക്കും
- പ്രൊഫ. സിസാ തോമസ്