lj

വർക്കല: തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാപ്പിൽ തീരത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടാകുന്നതായി ആക്ഷേപം. തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് കാപ്പിൽ. കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പിൽ തീരത്തെ മനോഹരമാക്കുന്നത്.

പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമാണ് കാപ്പിൽ. ടൂറിസം വളർച്ചയ്ക്ക് ലക്ഷ്യബോധമുള്ള പദ്ധതികൾ അത്യാവശ്യമാണ്. കടലും കായലും ഒരുമിക്കുന്ന കാപ്പിൽ പോലെ ടൂറിസം വികസനത്തിന് ഇത്രയും സാദ്ധ്യതയുള്ള മറ്റൊരു സ്ഥലമില്ല. ദേശീയ ജലപാത യാഥാർത്ഥ്യമാകുമ്പോൾ ടൂറിസം സാദ്ധ്യത ഇരട്ടിക്കും. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെങ്കിലും അവധിദിവസങ്ങളിൽ വലിയ തിരക്കാണ് തീരത്ത്.

ടൂറിസം വികസനമുണ്ടായാൽ ഗ്രാമപ്രദേശത്ത് തൊഴിൽസാദ്ധ്യതയും വർദ്ധിക്കും.കാപ്പിൽ ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ചുള്ള ടൂറിസം വികസനമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സഞ്ചാരികളെ കാത്ത്

പൊഴിമുഖവും വിശാലമായ തീരവും നിശബ്ദ അന്തരീക്ഷവുമാണ് കാപ്പിലിന്റെ പ്രത്യേകത. പരസ്യചിത്രക്കാരുടെയും വിവാഹ വീഡിയോ ചിത്രീകരിക്കുന്നവരുടെയും ഇഷ്ട ലൊക്കേഷനുമാണ് തീരം. വിദേശികളെക്കാൾ ആഭ്യന്തര സഞ്ചാരികളാണ് കാപ്പിൽ തീരത്തെത്തുന്നത്.

കൂടുതൽ ബോട്ടുകൾ വേണം

2001ലാണ് കാപ്പിൽ പാലത്തിന് സമീപം പ്രിയദർശിനി ബോട്ട് ക്ലബ് തുടങ്ങിയത്. സ്പീഡ് സ്കൂട്ടർ, സഫാരി, റോയിങ്, പെഡൽ, ഡിങ്കി എന്നിങ്ങനെ 22 ബോട്ടുകളുമായാണ് പ്രവർത്തനം തുടങ്ങിയത്.ആദ്യകാലത്ത് വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികൾ ബോട്ടിൽ കായൽഭംഗി നുകരാനെത്തിയിരുന്നു. ജല കായികാഭ്യാസങ്ങൾക്കും ക്ലബ് വേദിയായി.എന്നാൽ ഇപ്പോൾ മതിയായ ബോട്ടുകൾ ഇല്ലാത്തതും സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

അസൗകര്യങ്ങളുടെ നടുവിൽ

അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഏറെ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തീരത്ത് ടോയ്‌ലെറ്റ്, മതിയായ ഇരിപ്പിടം, ലൈറ്റ് തുടങ്ങിയവ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഒരു ലൈഫ് ഗാർഡിനെപ്പോലും ഇവിടെ നിയോഗിച്ചിട്ടില്ല. ടൂറിസം പൊലീസിന്റെ അഭാവം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.