c


തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ വൈരാഗ്യത്തിൽ കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്‌മയുമായി ക്രൈംബ്രാഞ്ച് സംഘം വെട്ടുകാട് പള്ളിയിലും പരിസരത്തുമെത്തി തെളിവെടുത്തു.

പ്രണയത്തിലായിരിക്കെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തിയ ശേഷം ഗ്രീഷ്‌മ സിന്ദൂരം അണിയുകയും വീട്ടിലെത്തി പരസ്‌പരം മാല ഇടുകയും ചെയ്‌തിരുന്നു. ഷാരോണുമായുള്ള വിവാഹത്തിന് ഗ്രീഷ്‌മയുടെ വീട്ടുകാർ വിസമ്മതിച്ചപ്പോഴാണ് വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പള്ളിയിലെത്തി വിവാഹത്തിന് സമാനമായ ചടങ്ങുകൾ നടത്തിയത്. ഷാരോണിന്റെ മരണശേഷം ഇതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതിനെ തുടർന്നാണ് അന്വേഷണസംഘം ഇന്നലെ ഗ്രീഷ്‌മയെ പള്ളിയിലും പരിസരത്തുമെത്തിച്ച് തെളിവുകൾ ശേഖരിച്ചത്.

സിന്ദൂരം അണിയുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള സ്ഥലം വെട്ടുകാട് പള്ളിയും പരിസരവുമാണെന്ന് ഉറപ്പാക്കാൻ ഗ്രീഷ്‌മയുടെ സാന്നിദ്ധ്യത്തിൽ സ്ഥലം തിരിച്ചറിയുന്ന തെളിവെടുപ്പ് രംഗം പൊലീസ് ഫോട്ടോയിലും വീഡിയോയിലുംചിത്രീകരിച്ചിട്ടുണ്ട്. വെട്ടുകാട് പള്ളിയിലെ സി.സി ടിവി കാമറകളിൽ പഴയ ദൃശ്യങ്ങൾ പൊലീസ് അന്വേഷിച്ചെങ്കിലും മാസങ്ങൾക്ക് മുമ്പുള്ളവയായതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിൽ കനത്ത വനിതാ പൊലീസ് സുരക്ഷയിലാണ് ഗ്രീഷ്‌മയെ എത്തിച്ചത്. പൊലീസ് തെളിവെടുപ്പിനെത്തിയതറിഞ്ഞ് പള്ളിയിലെത്തിയവരും നാട്ടുകാരുമുൾപ്പെടെ നിരവധിയാളുകൾ തടിച്ചുകൂടി.

അരമണിക്കൂറിനകം തെളിവെടുപ്പ് പൂർത്തിയാക്കി തിരിച്ചെത്തിയ ഗ്രീഷ്‌മയെ അമ്മയുടെയും അമ്മാവന്റെയും സാന്നിദ്ധ്യത്തിൽ വീണ്ടും ചോദ്യം ചെയ്‌തു. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മയുടെയും അമ്മാവന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗൂഢാലോചനയുൾപ്പെടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഷാരോണിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്‌ത ജ്യൂസ് ചലഞ്ച് നടന്ന തമിഴ്നാട് മാർത്താണ്ഡം പാലത്തിന് സമീപവും ഷാരോണുമായി നടത്തിയ വിവാഹത്തിന് പിന്നാലെ രണ്ട് ദിവസങ്ങളിലായി ഇരുവരും ഒരുമിച്ച് താമസിച്ച തമിഴ്നാട് പളുകലിലെ റിസോർട്ടിലും ഇന്ന് ഗ്രീഷ്‌മയെ തെളിവെടുപ്പിനെത്തിക്കും. ഇതിനായി പളുകൽ പൊലീസിന്റെ സഹായവും ക്രൈംബ്രാഞ്ച് സംഘം തേടിയിട്ടുണ്ട്.