തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും ശശി തരൂർ എം.പിയെ വിമർശിച്ചും ഫേസ്ബുക്കിൽ പോസ്റ്രിട്ട ഡി.സി.സി സെക്രട്ടറി തമ്പാനൂർ സതീഷിനെ ജനറൽ ആശുപത്രി വികസന സമിതിയിൽ നിന്ന് പിൻവലിച്ച് എം.പി.

ശശി തരൂർ എം.പിയുടെ നോമിനി ആയാണ് തമ്പാനൂർ സതീഷ് ആറുവർഷംമുമ്പ് ജനറൽ ആശുപത്രി വികസന സമിതി അംഗമായത്. അടുത്തിടെ നടന്ന എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനുള്ള പ്രതികാര നടപടിയായാണ് തന്നെ സമിതിയിൽ നിന്ന് പിൻവലിച്ചതെന്നും തമ്പാനൂർ സതീഷ് ആരോപിച്ചു. എന്നാൽ, എം.പിയുടെ ഓഫീസിന്റെ പ്രതികരണം ലഭ്യമായില്ല.

മല്ലികാർജുൻ ഖാർഗെയെപ്പോലെ അനുഭവസമ്പത്തുള്ള നേതാവ് എ.ഐ.സി.സി പ്രസിഡന്റായി വരുന്നതാണ് നല്ലതെന്നും അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന മഹാബലിയെ അല്ല പാർട്ടിക്ക് ആവശ്യമെന്നുമായിരുന്നു തമ്പാനൂർ സതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മണ്ഡലത്തെ ശ്രദ്ധിക്കാത്ത എം.പിയെന്ന ധ്വനി പരത്തുന്നതാണ് പോസ്റ്റ്.

ആശുപത്രി വികസന സമിതിയിൽനിന്ന് തന്നെ മാറ്റിയതിൽ പരാതിയില്ലെന്നും എന്നാൽ അന്തർദ്ദേശീയ പരിവേഷമുള്ള നേതാവ് എത്രത്തോളം തരംതാഴ്ന്നുവെന്നതിന് തെളിവാണ് തന്നെപ്പോലൊരാളോട് കാട്ടിയ പ്രതികാരനടപടിയെന്നും തമ്പാനൂർ സതീഷ് പ്രതികരിച്ചു.